അടിമാലി: ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കർഷകർക്കും നവസംരംഭകർക്കുമായി അടിമാലി ടൗൺഹാളിൽ സംഘടിപ്പിച്ച ഓൺലൈൻ മാർക്കറ്റിങ് ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ചക്ക് പരിഹാരമായി വിളകൾക്ക് ന്യായമായ വില ലഭിക്കുന്ന ഓൺലൈൻ വിപണി കണ്ടെത്താൻ കർഷകരെയും നവസംരംഭകരെയും പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.ഈ ഐ.ടി. കാലത്തെ മാർക്കറ്റിങ് എന്ന് പറഞ്ഞാൽ കടമുറിയല്ല. കമ്പ്യൂട്ടറും നിങ്ങളുടെ കയ്യിലുള്ള മൊബൈൽ ഫോണുമൊക്കെയാണ്. അവയെ പരമാവധി ഉപയോഗപ്പെടുത്തി വിപണി കണ്ടെത്താൻ കർഷകർക്ക് കഴിയണം അദ്ദേഹം പറഞ്ഞു.
നൂതന കാർഷിക കണ്ടുപിടിത്തത്തിന് കൊളംബോ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ മാതൃകാ കർഷകൻ ചെറുകുന്നേൽ ഗോപിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ ആദരിച്ചു..തുടന്ന് മറുപടി പ്രസംഗത്തിൽ ചെറുകുന്നേൽ ഗോപി തന്റെ കാർഷിക അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു.
കൃഷി വകുപ്പ് പദ്ധതികളെക്കുറിച്ച് പ്രൊജക്ട് ഡയറക്ടർ ആൻസി തോമസ് സംസാരിച്ചു. കാർഷിക ഉത്പന്നങ്ങളുടെ മാർക്കറ്റിങ് തന്ത്രങ്ങളെക്കുറിച്ച് കാർഷിക വകുപ്പ് മാർക്കറ്റിങ് വിഭാഗം അഡീഷണൽ ഡയറക്ടർ പമീല വിമൽരാജ് വിശദീകരിച്ചു. പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി കോ ഓർഡിനേറ്റർ ബിനൽ മാണി ശിൽപശാല നയിച്ചു.
ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത ആർ. എന്നിവർ പ്രസംഗിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ സ്വാഗതവും അസി.ഇൻഫർമേഷൻ ഓഫീസർ യാസിർ ടി.എ നന്ദിയും പറഞ്ഞു.