മൂലമറ്റം: അറക്കുളം പഞ്ചായത്തിൽ ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള കൈത്തോട് കടന്ന് മറുകരക്ക് വന്ന വൃദ്ധയ്ക്ക് വീണ് പരിക്ക് പറ്റി.മൂലമറ്റം പ്ലാവിളയിൽ ഭാരതിയമ്മയാണ് (65) വീണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള പാലം കഴിഞ്ഞ പ്രളയത്തിൽ തകർന്നതെങ്കിലും പുനസ്ഥാപിക്കാൻ നടപടികൾ ആയില്ല.മൂലമറ്റം കെ.എസ് .ഇ. ബി ക്വാർട്ടേഴ്‌സിലുള്ളവർക്കും പ്രദേശവാസികൾക്കും ഏറെ പ്രയോജനപ്രദമായ പാലം ആണ് പ്രളയത്തിൽ തകർന്നത്. ക്ഷേത്ര ദർശനത്തിനെത്തുന്നവർക്കും വളരെ എളുപ്പം ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ ഈ പാലം സഹായിച്ചിരുന്നു.പതിറ്റാണ്ടുകൾക്ക് മുമ്പ് കെ.എസ്.ഇ.ബിയാണ് ഈ ഇരുമ്പുപാലം പണിതത്. പ്രളയത്തിൽ പാലം പൂർണമായും തകർന്നു.ഇലപ്പള്ളി ഭാഗത്തു നിന്നും എത്തുന്നവർ ചുറ്റി കറങ്ങിയാണ് ക്ഷേത്രത്തിലും ടൗണിലും എത്തുന്നത്.നൂറു കണക്കിന് ആളുകൾ ഉപയോഗിച്ചിരുന്ന പാലം പുനർനിർമ്മിക്കണമെന്ന ആവശ്യത്തിന് മേൽ അധികൃതർ കണ്ണടയ്ക്കുകയാണ്.