kattappana

കട്ടപ്പന: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും കട്ടപ്പന മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വ്യവസായ ഉൽപ്പന്ന പ്രദർശനവിപണനമേള 'യേ എക്‌സ്‌പോ 2022'കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസ് ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന മുനിസിപ്പാലിറ്റി ഗ്രൗണ്ടിൽ നടക്കുന്ന മേളയിൽ മുപ്പതിലധികം സംരംഭക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ സാങ്കേതിക ശിൽപ്പശാല, സംരംഭക ബോധവൽക്കരണ പരിപാടികൾ, സംരംഭകത്വ ഹെൽപ് ഡെസ്‌ക്, ക്രിസ്തുമസ് കേക്ക് മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
''വളരുന്ന സാങ്കേതിക വിദ്യയും ആധുനിക വിപണന സാധ്യതകളും'' എന്ന വിഷയത്തിൽ ഡിസംബർ 21, 22 തീയതികളിൽ സാങ്കേതിക ശിൽപശാല സംഘടിപ്പിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സി.ജയ ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായകേന്ദ്രം മാനേജർ സാഹിൽ മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ ബെന്നി കുര്യൻ, സിജോ ചക്കുമൂട്ടിൽ, ഉപജില്ലാ വ്യവസായ ഓഫീസർ വിശാഖ് പി .എസ്, വ്യവസായ വികസന ഓഫീസർ ജിബിൻ കെ.ജോൺ, കുടുംബശ്രീ ചെയർപേഴ്‌സൺമാരായ ഷൈനി ജിജി, രത്‌നമ്മ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.