santhanpara1

ശാന്തൻപാറ: ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷിയോഗ തീരുമാനത്തിന്റെ ഭാഗമായി വൈൽഡ് ലൈഫ് വാർഡന്മാരുടെ നേതൃത്വത്തിലുള്ള വർക്ക്‌ഷോപ്പുകൾക്ക് തുടക്കമായി. ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കയകറ്റി ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലും നടത്തി പുതിയ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനാണ് വനംവകുപ്പ് തീരുമാനം. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി വിനോദിന്റെ അദ്ധ്യക്ഷതയിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും നാട്ടുകാരും തങ്ങളുടെ ആശങ്കകൾ പങ്കുവച്ചു.
നിലവിൽ സംസ്ഥാനസർക്കാർ പ്രസിദ്ധീകരിച്ച ബഫർസോൺ സാറ്റലൈറ്റ് മാപ്പിൽ അപാകതയുണ്ടെന്ന വനംവകുപ്പിന്റെ വിശദീകരണം വന്നതോടെയാണ് ഇടുക്കിയിൽ വൈൽഡ് ലൈഫ് വാർഡന്മാരുടെ നേതൃത്വത്തിൽ വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചത്. റവന്യൂ, വനം, പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് വർക്ക് ഷോപ്പ് നടത്തുന്നത്. ബഫർസോൺ അന്തിമ വിജ്ഞാപനമിറങ്ങിയ മതികെട്ടാൻചോല ദേശീയ ഉദ്യാനത്തിന്റെയും നിലവിൽ പുറത്തിറക്കിയ സാറ്റലൈറ്റ് മാപ്പിലെയും തെറ്റുകൾ തിരുത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി വിനോദ് യോഗത്തിൽ പറഞ്ഞു. യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജു വർഗീസ്, സിനി ബേബി, സുമ ബിജു എന്നിവർ പങ്കെടുത്തു

ഇന്ന് മുതൽ

ഫീൽഡ് സർവ്വേ

ഇന്ന് വൈൽഡ് ലൈഫ് വാർഡന്മാരുടെ നേതൃത്വത്തിലുള്ള വർക്ക് ഷോപ്പുകൾ പൂർത്തീകരിക്കും. തുടർന്ന് 22 മുതൽ 24 വരെ പഞ്ചായത്ത് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി ഫീൽഡ് സർവെ നടത്തും. ബഫർ സോണായി വരുന്ന പ്രദേശത്തിന്റെ അതിർത്തി കൃത്യമായി നിർണ്ണയിച്ച് തിട്ടപ്പെടുത്തുന്നതിനാണ് ഫീൽഡ് സർവെ. ഇതിന് ശേഷം 29 ന് വീണ്ടും കളക്ടറേറ്റിൽ യോഗം ചേർന്ന് വിലയിരുത്തിയതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.