തൊടുപുഴ: നാടാകെ തിരുപ്പിറവിയുടെ ഈരടികൾ ഉയരുമ്പോൾ വീണ്ടുമൊരു ക്രിസ്തുമസ്‌കാലത്തെ വരവേറ്റ് വിപണികൾ ഉദിച്ചുയർന്നു. മുൻ വർഷം കൊവിഡിനെ തുടർന്ന് വലിയ കച്ചവടമൊന്നും നടന്നിരുന്നില്ല. കൊവിഡ് വ്യാപനം കുറഞ്ഞതിനാൽ വലിയ പ്രതീക്ഷയിലാണ് വ്യാപാരികൾ. കൊവിഡ് ഭീതി പൂർണമായും ഒഴിഞ്ഞതോടെ ക്രിസ്തുമസിന് നിറപ്പകിട്ടേകാൻ വൈവിദ്ധ്യങ്ങളായ നക്ഷത്രങ്ങളും അനുബന്ധ സാധനങ്ങളും വിപണി കൈയടിക്കഴിഞ്ഞു. പല നിറത്തിലും രൂപത്തിലും പുതുമയാർന്ന വർണനക്ഷത്രങ്ങൾ വിപണിയിലുണ്ട്. ഖാദി, വെൽവറ്റ് തുടങ്ങിയ തുണിത്തരങ്ങളിലുള്ള നക്ഷത്രങ്ങൾ, എൽ.ഇ.ഡി ബൾബുകൾ അടക്കം സജ്ജീകരിച്ച റെഡിമെയ്ഡ് പുൽക്കൂടുകൾ, ക്രിസ്മസ് ട്രീകൾ എന്നിവയെല്ലാം വിപണിയിലുണ്ട്.ഇത്തവണയും എൽ.ഇ.ഡി നക്ഷത്രങ്ങളാണ് വിപണിയിലെ താരങ്ങൾ. പൂൽക്കൂട് അലങ്കരിക്കാനുള്ള വിവിധ നിറങ്ങളിലുള്ള ബലൂണുകൾ, വർണക്കടലാസുകൾ, ബോളുകൾ, എൽ.ഇ.ഡി ബൾബുകൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്.

നക്ഷത്രം മിന്നും എൽ.ഇ.ഡിയിൽ

ആകർഷണീയമായ എൽ.ഇഡി നക്ഷത്രങ്ങൾക്കും വിപണിയിൽ വൻ ഡിമാൻഡാണ്. 200 രൂപ മുതൽ 500 രൂപ വരെയുള്ളവയ്ക്കാണ് ആവശ്യക്കാരേറെ. 200 രൂപ മുതൽ 1000 രൂപവരെയുള്ള എൽ.ഇ.ഡി നക്ഷത്രങ്ങളുമുണ്ട്. കടലാസ് നക്ഷത്രങ്ങൾക്ക് 10 മുതൽ 280 രൂപ വരെയാണ് വില. ചൈനീസ് നിർമിത നക്ഷത്രങ്ങളും വിപണിയിലുണ്ടെങ്കിലും വെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങൾക്കാണ് ഡിമാൻഡ്. ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ മുൻ വർഷങ്ങളേക്കാൾ ഇത്തവണ ലഭ്യത കുറവാണ്.

ക്രിസ്തുമസ് ട്രീ റെഡി

നക്ഷത്രങ്ങൾക്കൊപ്പം ക്രിസ്തുമസ് ട്രീ, സാന്താക്ലോസിന്റെ മുഖംമൂടി, ട്രീയിലെ അലങ്കാരം, പുൽക്കൂട്, പുൽക്കൂട് സെറ്റ്, വേഷവിധാനങ്ങൾ, എൽ.ഇ.ഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പി എന്നിവയും വിപണിയിലുണ്ട്. ഇവയിൽ കൂടുതലും ചൈനീസ് ഉത്പന്നങ്ങളാണുള്ളത്. ഒരടി മുതൽ 10 അടി വരെ നീളമുള്ള ക്രിസ്മസ് ട്രീ വരെ വിപണിയിൽ ലഭ്യമാണ്.

'' കൊവിഡ് ഭീതി ഒഴിഞ്ഞതിനാൽ മുൻ വർഷങ്ങളിലുണ്ടായ നഷ്ടം തിരികെ പിടിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ക്രിസ്തുമസ് തിരക്കാകുന്നേ ഉള്ളൂ. വരുംദിവസങ്ങളിൽ വിപണികൾ കൂടുതൽ സജീവമാവുമെന്ന് കരുതുന്നു.

-(അനിൽ, വ്യാപാരി)