തൊടുപുഴ: നക്ഷത്ര തിളക്കത്തിൽ നാടും നഗരവും വർണ്ണാഭമായി. ക്രിസ്തുമസ് രാവുകൾക്ക് ചാരുത പകർന്ന് വിവിധയിനം നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്ന കാഴ്ച ആനന്ദകരമാണ്. പ്രധാന ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അലങ്കരിച്ച് ക്രിസ്തുമസിനെ വരവേൽക്കാൻ തയ്യറെടുക്കുകയാണ്. വർണ്ണവിസ്മയം തീർക്കുന്ന അലങ്കാര ബൾബുകളും മാലകളും ആകർഷകമാണ്. എൽ.ഇ.ഡി നക്ഷത്രങ്ങൾ കമനീയമാണ്. വിപണികളിലെ താരവും ഇതാണ്. പേപ്പർ സ്റ്റാർ നക്ഷത്രങ്ങൾക്കും പ്രിയമേറെയാണ്. ഒരടി മുതൽ 10 അടി വരെ പൊക്കമുള്ള ക്രിസ്തുമസ് ട്രീ വിപണികളിൽ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് ട്രീയിൽ അലങ്കാര ബൾബുകൾ കൂട്ടത്തോടെ മിന്നി മറയുന്നത് മനോഹരമാണ്. വിവിധതരം അലങ്കാര വസ്തുക്കളാണ് ക്രിസ്തുമസ് മരങ്ങൾക്ക് ശോഭ പരത്തുന്നത്. പലയിനങ്ങളിലുള്ള ലൈറ്റുകൾ മനം കവരുന്നു. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന സന്ധ്യകളെ വർണ്ണ പ്രഭചൊരിയുന്ന കാഴ്ചകളിലേക്ക് കൂട്ടി കൊണ്ടു പോവുകയാണ് ക്രിസ്തുമസ്- ന്യൂഇയർ ആഘോഷം. പരമ്പരാഗത രീതിയിലും ആധുനിക രീതിയിലുമുള്ള പുൽക്കൂടുകൾ സ്ഥാപനങ്ങളുടെ മുന്നിൽ ഇടം പിടിച്ചിട്ടുണ്ട്. നാട്ടിൻപുറങ്ങളിൽ കരോൾ സംഘങ്ങളും സജീവമായിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ക്രിസ്തുമസ് പാപ്പ വസ്ത്രങ്ങളും വിപണികളിൽ സുലഭമാണ്. തൊപ്പിയും മുഖംമൂടിയും ധരിച്ച ക്രിസ്തുമസ് പാപ്പയുടെ രൂപങ്ങൾ പല കടകൾക്ക് മുന്നിലും സ്വാഗതമോതാനായി ഒരുക്കിയിട്ടുണ്ട്. ആട്ടിടയന്മാരും രാജാക്കന്മാരും അടങ്ങുന്ന ഉണ്ണിയേശു സെറ്റുകളും ലഭ്യമാണ്. അണിയിച്ചൊരുക്കിയ പൈൻമരങ്ങളും ക്രിസ്മസ് രാവുകൾക്ക് പകിട്ട് കൂട്ടുന്നു.