ഇടുക്കി : 2021 ഒക്ടോബറിലുണ്ടായ മലവെള്ളപാച്ചിലിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടമായ വ്യക്തിക്ക് പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് പീരുമേട് തഹസിൽദാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവരുടെ ഗണത്തിൽ പാതിക്കാരനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നാട്ടുകാർ നിർമ്മിച്ചു നൽകിയ ഷെഡിൽ 9 ലും 7 ലും പഠിക്കുന്ന മക്കളുമായി ജീവിക്കുന്ന പീരുമേട് പ്ലാക്കത്തടം സ്വദേശി കെ.ബി.സതീഷ് സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.പത്ത് ലക്ഷത്തിൽ 6 ലക്ഷം വാസയോഗ്യമായ സ്ഥലം വാങ്ങുന്നതിനും 4 ലക്ഷം രൂപ വീട് നിർമ്മിക്കുന്നതിനും വേണ്ടിയാണ് അനുവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.