
കട്ടപ്പന :ഹൈറേഞ്ചിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കാൽവരിമൗണ്ടിലേയ്ക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് ആരംഭിച്ചെങ്കിലും കാടുകയറി തുറന്നു കൊടുക്കാനാകാത്ത അവസ്ഥയിൽ ടൂറിസം അമിനിറ്റി സെന്റർ. കാൽവരി ടൂറിസം പദ്ധതിയുടെ ഭാഗമായ ഇടുക്കി പത്താം മൈലിൽ കാൽവരി വ്യൂ പോയിന്റിലാണ് കേന്ദ്രത്തിന്റെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കാമാക്ഷി
പഞ്ചായത്തിന്റെ ഒൻപതാം വാർഡിൽ പെടുന്ന സ്ഥലത്ത് 2010-15കാലയളവിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്താണ് കെട്ടിടം നിർമ്മിച്ചത്. തുടർച്ചയായി മൂന്ന് പ്രാവശ്യം രാജ്യത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാർഡ് കിട്ടിയ വകയിൽ 45ലക്ഷത്തോളം രൂപ മുടക്കിയാണ് നിർമാണം ആരംഭിച്ചത്. പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രം തുറന്നു പ്രവർത്തിക്കാനായിട്ടില്ല. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ അഞ്ചു സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. കോൺഫറൻസ് ഹാൾ, ഡോർമിറ്റെറി, ഏറ്റവും മുകളിലായി വിശാലമായ വ്യൂ പോയിന്റ് എന്നിവ ഉൾക്കൊള്ളുന്ന നാലു നില കെട്ടിടമാണ് ഇത്. ഇടുക്കി ജലസംഭരണിയുടെ ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ ഇവിടെ നിന്ന് കാണാൻ കഴിയും. ഇപ്പോൾ വനം വകുപ്പിന്റെ രണ്ട് ഹട്ട് മാത്രമാണ് ഇവിടെ താമസത്തിനായുള്ളത്. സ്വകാര്യ വ്യക്തികളുടെ ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ട്. അമിനിറ്റി സെന്റർ തുറന്നു പ്രവർത്തിച്ചാൽ പ്രതിമാസം ലക്ഷങ്ങളുടെ വരുമാനം ബ്ലോക്കിന് ലഭിക്കും.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടൂറിസം അമിനിറ്റി സെന്റർ തുറന്നു പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി ഉസ്മാൻ ആവശ്യപ്പെട്ടു. താൻ പ്രസിഡന്റ് ആയിരുന്ന കാലത്താണ് നിർമാണം തുടങ്ങിയത്. കേന്ദ്രം തുറന്നു പ്രവർത്തിച്ചാൽ സഞ്ചാരികൾക്ക് ഗുണകരമാകുന്നതോടൊപ്പം ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനും വഴി തെളിക്കും.
കാൽവരിമൗണ്ട് ടൂറിസം അമിനിറ്റി സെന്റർ തുറക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് തങ്കമണി ഡിവിഷൻ മെമ്പർ റിന്റ മോൾ വർഗീസ് പറഞ്ഞു. കേന്ദ്രത്തിലേയ്ക്കുള്ള വഴി, കുടിവെള്ളം, കെട്ടിട നമ്പർ പ്രശ്‌നങ്ങളാണ് പരിഹരിക്കപ്പെടേണ്ടത്. ബന്ധപ്പെട്ട ഡിപ്പാർട്‌മെന്റുകൾ വഴി ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. വിനോദ സഞ്ചാരികൾക്കായി എത്രയും വേഗം കേന്ദ്രം തുറന്നുകൊടുക്കാൻ ഭരണ സമിതിയിൽ സമ്മർദ്ദം ചെലുത്തുമെന്നും റിന്റമോൾ പറഞ്ഞു.
സാങ്കേതിക പ്രശ്നത്തിൽ
കുരുങ്ങി
കാമാക്ഷി ഗ്രാമപഞ്ചായത്ത് കെട്ടിടനമ്പർ കൊടുക്കാത്തതാണ് അമിനിറ്റി സെന്റർ തുറക്കാൻ തടസമെന്നു പറയുന്നു. നിർമാണ സമയത്ത് ഗ്രാമപഞ്ചായത്തിന്റെ അനുമതി വാങ്ങിയില്ല എന്ന സാങ്കേതിക പ്രശ്‌നം പറഞ്ഞാണ് കെട്ടിടനമ്പർ നിഷേധിക്കുന്നതെന്നു പറയുന്നു. നമ്പർ കിട്ടാത്തതിനാൽ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല.പഞ്ചായത്തിന്റെ ശീതസമരം അവസാനിപ്പിച്ചു കെട്ടിട നമ്പർ കൊടുക്കാൻ തയ്യാറായാൽ തീരുന്ന പ്രശ്‌നമേയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.