തൊടുപുഴ: മുൻ തൊടുപുഴ എം.എൽ.എയും ഇടുക്കി എം.പിയുമായിരുന്ന പി.ടി. തോമസിന്റെ സ്മരണാർത്ഥം ആധുനിക സൗകര്യങ്ങളോട് കൂടിയ ലൈബ്രറി സമുച്ചയം നിർമ്മിക്കുന്നതിന് ഇന്നലെ ചേർന്ന തൊടുപുഴ നഗരസഭ കൗൺസിൽ യോഗം ഐക്യകണ്ഠേനെ തീരുമാനിച്ചു. തൊടുപുഴ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സിന് അനുബന്ധമായാണ് ലൈബ്രറി സമുച്ചയം നിർമ്മിക്കുന്നത്. പി.ടി. തോമസ് സ്മാരക മുനിസിപ്പൽ ലൈബ്രറി എന്നാണ് നാമകരണം ചെയ്യുന്നത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ദീപക്കാണ് കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചത്. കൗൺസിലർ ഷഹന ജാഫർ പിന്താങ്ങുകയും ചെയ്തു. പ്രമേയത്തെ അനുകൂലിച്ച് ആർ. ഹരി, ടി.എസ്. രാജൻ, എം.എ. കരിം, ജെസി ആന്റണി, മുഹമ്മദ് അഫ്‌സൽ എന്നിവർ സംസാരിച്ചു. ലൈബ്രറി നിർമ്മാണത്തിന് ആവശ്യമായ തുക നൽകാമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചിട്ടുണ്ട്. തൊടുപുഴയിലെ ജനങ്ങളുടെ ഒരു പ്രധാന ആവശ്യമായ ലൈബ്രറി നിർമാണത്തിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി പിന്തുണ നൽകിയ എല്ലാ കൗൺസിലർമാരെയും കെ. ദീപക് അഭിനന്ദിച്ചു.