തൊടുപുഴ: കരിമണ്ണൂർ -തൊടുപുഴ റൂട്ടിലെ സ്വകാര്യ ബസിൽ യാത്ര ചെയ്ത മൂന്നു പേരുടെ പേഴ്‌സും പണവും രേഖകളും മോഷണം പോയി. ബുധനാഴ്ച രാവിലെ 8.30ന് കരിമണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എം.എസ് ബസിൽ നിന്നാണ് മൂന്നു പേരുടെയും ബാഗിന്റെ സിബ് തുറന്ന് മോഷണം നടത്തിയത്. ബസിൽ നല്ല തിരക്കായിരുന്നു. പൂമാല ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക, ഈരാറ്റുപേട്ട ഭാഗത്തുള്ള സ്‌കൂളിലെ അദ്ധ്യാപിക, തൊടുപുഴയിലെ സർക്കാർ ഓഫീസ് ഉദ്യോഗസ്ഥ എന്നിവരുടെ പണവും രേഖകളുമാണ് നഷ്ടമായത്. ഇവർ ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരാണ്. മങ്ങാട്ടുകവല എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ബസിൽ വലിയ തിരക്കുള്ള സമയത്തായിരുന്നു മോഷണം. മൂന്ന് പേരുടെയും പക്കൽ നിന്ന് അയ്യായിരത്തോളം രൂപ നഷ്ടമായിട്ടുണ്ട്. വിവരം ബസ് ജീവനക്കാരെ അറിയിച്ചെങ്കിലും ഇവരുടെ ഭാഗത്ത് നിന്ന് നല്ല സമീപനം ഉണ്ടായില്ലെന്നും ഇവർ പറഞ്ഞു. തൊടുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.