തൊടുപുഴ: ജില്ലയിലെ മൊബൈൽ കവറേജ് വരാത്ത മുഴുവൻ കേന്ദ്രങ്ങളിലും ടവറുകൾ ലഭ്യമാക്കാൻ യു.എ.എസ്.ഒ ഫണ്ടിൽ നിന്ന് കൂടുതൽ തുക വകയിരുത്തണമെന്നും ടൂറിസം സാദ്ധ്യതകൾ പരിഗണിച്ച് 5 ജി സേവനങ്ങൾ മൂന്നാറും തേക്കടിയും ഉൾപ്പടെയുള്ള ഇടുക്കിയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നടപ്പാക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ മുവാറ്റുപുഴ അടച്ചുപൂട്ടുന്നതുമായി ബന്ധപെട്ടു കേന്ദ്ര വാർത്ത വിനിമയ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച ചെയ്തു. നിലവിൽ തീരെ സൗകര്യം കുറഞ്ഞ സ്ഥലത്തേക്കാണ് മാറ്റിയിരിക്കുന്നതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. അങ്കമാലി- ശബരി റെയിൽവേയുടെ തുടർച്ചയ്ക്കായി സർക്കാർ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉടൻ തന്നെ എം.പിമാരെയും സംസ്ഥാന സർക്കാർ പ്രതിനിധികളെയും റെയിൽവേ ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ച് യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.