chinchurani
ആഫ്രിക്കൻ പന്നിപ്പനി ഒന്നാം ഘട്ട നഷ്ടപരിഹാര വിതരണം കരിമണ്ണൂരിൽ മന്ത്രി ജെ. ചിഞ്ചു റാണി കർഷകനായ ചിറമേൽ മൈക്കിളിന് കൈമാറുന്നു. പി.ജെ. ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ. ജേക്കബ് തുടങ്ങിയവർ സമീപം

18.75 ലക്ഷം രൂപ വിതരണം ചെയ്തു

തൊടുപുഴ : ഏകീകൃത കോൾ സെന്റർ സംവിധാനത്തിലൂടെ മൃഗ ഡോക്ടറുടെ സേവനം കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്നും മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.

ആഫ്രിക്കൻ പന്നിപ്പനി ആദ്യഘട്ട നഷ്ടപരിഹാര തുകയുടെ വിതരണവും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ സെമിനാറിന്റെ ഉദ്ഘാടനവും കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച പന്നികളിലാണ് ആദ്യം പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നികളുടെയും ഇറച്ചിയുടെയും സംസ്ഥാനത്തേക്കുള്ള ഇറക്കുമതി നിരോധിച്ചാണ് പന്നിപ്പനി രോഗവ്യാപനം നിയന്ത്രിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ ദയാവധം നടത്താൻ തീരുമാനിച്ചതടക്കം കർശന മാർഗങ്ങൾ സ്വീകരിച്ചാണ് പന്നിപ്പനിയെ പ്രതിരോധിച്ചത്. വയനാട്ടിലെ പന്നി കർഷകർക്ക് 15 ദിവസം കൊണ്ട് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് സാധിച്ചു. സംസ്ഥാനത്ത് 2 കോടിയോളം രൂപ നഷ്ടപരിഹാരമായി സർക്കാർ നൽകി. ജനുവരി 12 ന് മുൻപ് ബാക്കി തുകയും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനിയെ തുടർന്ന് കുട്ടനാട്, കോട്ടയം മേഖലകളിൽ 4 കോടി രൂപ നഷ്ടപരിഹാത്തുക കർഷകർക്ക് വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.
ക്ഷീര കർഷകരുടെ ക്ഷേമത്തിനാവശ്യമായ വിവിധ പദ്ധതികളാണ് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്നത്. സബ്‌സിഡി നിരക്കിൽ കേരള ഫീഡ്‌സ് കാലിതീറ്റ വിതരണം ചെയ്യുന്നുണ്ട്. കേരള ഫീഡ്‌സിന്റെ സഹകരണത്തോടെ സൈലേജ് ഉത്പാദനം വർധിപ്പിക്കാനുള്ള പദ്ധതികളും വകുപ്പ് നടത്തുന്നുണ്ട്. കരിമണ്ണൂർ പഞ്ചായത്തിലെ വിവിധ ക്ഷീര പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കാലിത്തീറ്റ വിതരണ പദ്ധതി, കന്നുകുട്ടി പരിപാലന പദ്ധതി, ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് എന്നീ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പന്നിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട ( കള്ളിംഗ് ക്ലെൻസിംഗ് ഡിസിൻഫെക്ഷൻ) ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും യോഗത്തിൽ മന്ത്രി ആദരിച്ചു.

ഇടുക്കി ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിലെ ചാലാശ്ശേരിയിലാണ് ആദ്യ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതിനെ തുടർന്ന് രോഗബാധിതമായ ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശത്തുമുള്ള മുഴുവൻ പന്നികളെയും ദയാവധം ചെയ്യുകയും നാഷണൽ ആക്ഷൻ പ്ലാൻ അനുസരിച്ച് ശുചീകരണ അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ചാലശ്ശേരിയിൽ എട്ട് കർഷകരുടെ 262 പന്നികളെയാണ് രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ദയാവധം ചെയ്ത് ശാസ്ത്രീയമായി മറവ് ചെയ്തത്. ഇതിന്റെ നഷ്ടപരിഹാരതുക 18,75,000 രൂപയാണ് കർഷകർക്ക് വിതരണം ചെയ്തത്.

വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിയിൽ ഏഴ് കർഷകരുടെ 28 പന്നികൾ, കരിമണ്ണൂർ പഞ്ചായത്തിലെ നെല്ലിമലയിൽ 2 കർഷകരുടെ 42 പന്നികൾ, പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയൽ ഒരു കർഷകന്റെ 43 പന്നികൾ, വണ്ടൻമേട് പഞ്ചായത്തിലെ മേപ്പാറയിൽ ഒരു കർഷകന്റെ 96 പന്നികൾ, വാഴത്തോപ്പ് പഞ്ചായത്തിലെ പാൽക്കുളമേട് 14 കർഷകരുടെ 245 പന്നികൾ, കഞ്ഞിക്കുഴി പഞ്ചായത്തിലെ വട്ടോംപാറ 2 കർഷകരുടെ 3 പന്നികൾ, കഞ്ഞിക്കുഴി പഞ്ചായത്തിലെ തന്നെ മക്കുപാറയിൽ കർഷകന്റെ 23 പന്നികൾ, കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ അഞ്ച് കർഷകരുടെ 254 പന്നികൾ, തൊടുപുഴ മുനിസിപ്പാലിറ്റിയിലെ രണ്ടുപാലം ഒരു കർഷകന്റെ 8 പന്നികൾ, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നിരപ്പേൽകട ഒരു കർഷകന്റെ 12 പന്നികൾ, വാത്തിക്കുടി പഞ്ചായത്തിലെ പള്ളിക്കുടി സിറ്റി 4 കർഷകരുടെ 120 പന്നികൾ, ഉപ്പുതറ പഞ്ചായത്തിലെ ഒൻപതേക്കർ 2 കർഷകരുടെ 5 പന്നികൾ, ഉപ്പുതറ പഞ്ചായത്തിലെ കാക്കത്തോട് കർഷകന്റെ 6 പന്നികൾ എന്നിങ്ങനെ മൊത്തം 14 പ്രഭവകേന്ദ്രങ്ങളിൽ ഇടുക്കി ജില്ലയിൽ ഇതുവരെ ആകെ 1147 പന്നികളെ ദയാവധം നടത്തി. ആകെ ലഭിക്കേണ്ട നഷ്ടപരിഹാര തുക 1,20,78,600 (ഒരു കോടി ഇരുപത് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി അറുന്നൂറ് രൂപ) യിൽ 18,75,000 രൂപയാണ് വിതരണം ചെയ്തത്. ബാക്കി ലഭിക്കുവാനുള്ള തുക 1,02,03,600 (ഒരു കോടി രണ്ടു ലക്ഷത്തി മൂവായിരത്തി അറുന്നൂറ് രൂപ) ജില്ലാ ക്ഷീര സംഗമത്തിന് മുന്നെ കൊടുത്ത് തീർക്കാനാണ് സർക്കാർ ശ്രമം.

കരിമണ്ണൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ പി.ജെ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബിനോയി പി മാത്യു, എൽ എം ടി സി അസിസ്റ്റന്റ് ഡയറക്ടർ ഡോ. എൻ.റ്റി ആശാ കുമാരി എന്നിവർ സംസാരിച്ചു. എഡിസിപി ജില്ലാ കോർഡിനേറ്റർ ഡോ. ബിജു ജെ ചെമ്പരത്തി പദ്ധതി വിശദികരിച്ചു. ഡോ. പി. മുരളി കൃഷ്ണ, ഡോ. അനു സുധാകരൻ എന്നിവർ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവത്കരണ സെമിനാറിൽ ക്ലാസുകൾ നയിച്ചു.