മുട്ടം: ജനവാസ മേഖലകളിലെ 130 ഏക്കർ ഭൂമി വനംവകുപ്പിന് വിട്ട് നൽകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ 24ന് മുട്ടം എം.വി.ഐ.പി ഓഫീസിലേക്ക് മാർച്ച് നടത്തും. മലങ്കര പദ്ധതിക്ക് വില നൽകി വാങ്ങിയ ഭൂമി വനം വകുപ്പിന് നൽകി ജനങ്ങളെ ദ്രോഹിക്കുന്നതിൽ പ്രതിഷേധിച്ചാണ് മാർച്ച്. ഭൂമി വിട്ട് നൽകുന്നതോടെ മുട്ടം ടൂറിസം പദ്ധതി എന്നന്നേക്കുമായി നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകാൻ പോകുന്നത്. വനം വകുപ്പ് ഏറ്റെടുക്കുന്നതിലൂടെ സമീപ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ, നൂറുകണക്കിന് കിണർ കുടിവെള്ളം, റോഡുകൾ, കുളിക്കടവുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ സ്തംഭിക്കും. നിലവിലുള്ളത് പുനർ നിർമ്മിക്കുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ കഴിയാത്ത സാഹചര്യം സംജാതമാകും. മലയോര ജില്ലകൾ ബഫർ സോൺ വിഷയത്തിൽ ആശങ്കയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് മുട്ടം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളെ മുൾമുനയിലാക്കിയ തീരുമാനം സർക്കാർ വിജ്ഞാപനത്തിലൂടെ ഉണ്ടായത്. ഇടമലയാർ പദ്ധതിക്ക് വനംഭൂമി നൽകിയപ്പോൾ ജില്ലയിൽ തന്നെ ജനവാസമില്ലാത്ത നൂറുകണക്കിന് ഭൂമി വെറുതെ കിടക്കുന്നത് വനം വകുപ്പിന് നൽകാതെ ജനസാന്ദ്രതയേറിയ മേഖലയിലെ 130 ഏക്കർ ഭൂമി തന്നെ വിട്ടു നൽകണമെന്ന നിലപാടിനെതിരെയാണ് മാർച്ച് നടത്തുന്നതെന്ന് യു ഡി എഫ് നേതാക്കളായ എൻ.കെ. ബിജു, കെ.കെ. മുരളീധരൻ, ബേബി വണ്ടനാനി, ഇമ്മാനുവൽ ചെറുവള്ളാത്ത്, എം. മോനിച്ചൻ, അഗസ്റ്റിൻ കള്ളികാട്ട്, മാത്യു അഞ്ചാനി, തോമസ് മുണ്ടയ്ക്കപ്പടവിൽ, എം.കെ സുധീർ, അബ്ദുൾ അസീസ്, ജോസ് ചുവപ്പുങ്കൽ എന്നിവർ അറിയിച്ചു.