തൊടുപുഴ: ബഫർസോണുമായി ബന്ധപ്പെട്ട് സംസ്ഥാന വനംവകുപ്പ് കേന്ദ്രത്തിന് നൽകിയ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചതിൽ നിറയെ ആശയക്കുഴപ്പവും ആശങ്കയും. 2021ൽ തയ്യാറാക്കിയ സീറോ ബഫർസോൺ മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ സാധാരണക്കാരന് ഈ ഭൂപടം നോക്കിയാൽ എല്ലാ പ്രദേശം ബഫർസോൺ പരിധിയിലാണോ അല്ലയോ എന്ന് മനസിലാക്കാൻ സാധിക്കില്ലെന്നതാണ് പ്രശ്നം. ജില്ലയിലെ മതികെട്ടാൻ ചോലയും ഇടുക്കി വന്യജീവി സങ്കേതവും പുതിയ ഭൂപടത്തിൽ കാണാനില്ല. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല. സാങ്കേതിക പിഴവാണെന്നാണ് വിവരം. ഓരോ മേഖലയ്ക്കും പ്രത്യേക നിറങ്ങൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല നിറത്തിലും വാണിജ്യ സ്ഥാപനങ്ങൾ ചുവപ്പ് നിറത്തിലും ജനവാസ മേഖല വയലറ്റ് നിറത്തിലും നൽകിയിട്ടുണ്ട്. ആശുപത്രികൾ, ആരാധനാലയങ്ങൾ, കടകൾ എന്നിവയും ഭൂപടത്തിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ സംരക്ഷിത വനമേഖലയുടെയും ബഫർസോൺ പരിധിയിൽ വരുന്ന വിവിധ നിർമ്മിതികളുടെ പട്ടിക സൈറ്റിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക തലങ്ങളിലെ സർക്കാർ ഓഫീസുകളിലും ഭൂപടം പ്രസിദ്ധീകരിക്കും. പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
പെരിയാർ ടൈഗർ റിസർവ്
നേരത്തെ ബഫർ സോണിൽ ഉൾപ്പെട്ട കുമളി ടൗൺ പുതിയ ഭൂപടത്തിൽ സോണിന് പുറത്താണ്. നേരത്തെ ഉപഗ്രഹ ഭൂപടത്തിൽ കുമളി ടൗൺ ഉൾപ്പടെ 10 വാർഡുകൾ വന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, ഒരു ഭാഗം ഇപ്പോഴും കരുതൽ മേഖലയിലുണ്ട്. വണ്ടിപ്പെരിയാർ സത്രം വ്യൂ പോയിന്റിന് അകലെ മാറി പത്തനംതിട്ടയോട് ചേർന്നും കരുതൽ മേഖലയുണ്ട്. ഇത് ജനവാസ മേഖലയാണോ എന്ന് വ്യക്തമല്ല.
ഇരവികുളം ദേശീയോദ്യാനം
രാജമല ഹിൽ ചെക്ക്‌പോസ്റ്റ്, ആശുപത്രി, സ്‌കൂൾ, ഗുണ്ടുമല, ലക്കം വെള്ളച്ചാട്ടം, വാട്ടർഫാൾ വ്യൂപോയിന്റ് തുടങ്ങിയവ കരുതൽ മേഖലയിലാണ്. പള്ളനാട് എം.ടി.എം സ്റ്റോർ ജനവാസ മേഖലയാണ്.
ചിന്നാർ വന്യജീവി സങ്കേതം
കീഴാന്തൂർ ഭാഗത്താണ് ഇവിടെ ബഫർ സോൺ. ഇവിടെ ഗ്രാന്റിസ് തോട്ടമാണെന്നാണ് ഭൂപടത്തിൽ നിന്ന് മനസിലാകുന്നത്.
പാമ്പാടുംചോല ഉദ്യാനം
ചെണ്ടുവര എസ്റ്റേറ്റ് മേഖല, വട്ടവട വില്ലേജിലെ രണ്ട് ബ്ലോക്കുകൾ എന്നിവ കരുതൽ മേഖലയിലുണ്ട്. ഇവിടെ ജനവാസവും കൃഷി ഭൂമിയുമുണ്ട്.
ആനമുടി ദേശീയോദ്യാനം
കാന്തല്ലൂർ, പെരുമല എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾ ബഫർ സോണിലുണ്ട്. ജനവാസമേഖലയാണ് കുറിഞ്ഞിമല വന്യജീവി സങ്കേതം. കൊട്ടക്കമ്പൂരിലെ ഒരു ബ്ലോക്കിൽ ജനവാസവും കൃഷിയുമുണ്ട്.
നിറങ്ങളും മേഖലകളും
പച്ച- വനം
കറുപ്പ്- പഞ്ചായത്ത്
ചുവപ്പ്- വാണിജ്യകെട്ടിടങ്ങൾ
നീല- വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തവിട്ടുനിറം- ഓഫീസ്
മഞ്ഞ- ആരാധനാലയങ്ങൾ
വയലറ്റ്- താമസസ്ഥലം