കുമളി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇപ്പോൾ ബഹുരാഷ്ട്ര കുത്തകളുടെ കൈപിടിയിലാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുമളി ഹോളിഡേ ഹോമിൽ രണ്ട് ദിവസമായി നടന്ന ഐ.എൻ.ടി.യു.സി സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാന്റേഷൻ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാനോ പരിഹാരം കാണാനോ സർക്കാർ തയ്യാറുകുന്നില്ല. ഗുജറാത്തിൽ സമരം ചെയ്യണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണ്. തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് തൊഴിലാളി സംഘടനകളുടെ യോഗങ്ങൾ പോലും വിളിക്കാറില്ല. റബർ മേഖലയിലെ പ്രതിന്ധികൾ പരിഹരിക്കുന്നതിനായി പിണറായി സർക്കാർ സിയാൽ മോഡലിൽ റബർ കമ്പനി ആരംഭിക്കുമെന്ന് പറഞ്ഞിട്ട് എന്തായി. ബഫർ സോൺ വിഞ്ജാപനം പുനഃപരിശോധിക്കാൻ കഴിയാത്തത് സർക്കാരിന്റെ പിടിപ്പ് കേടാണ്. ഞങ്ങൾ ആവശ്യപ്പെടുന്നത് സീറോ ബഫർ സോൺ മേഖയായി പ്രഖ്യാപിക്കണമെന്നാണ്. ഈ കാര്യത്തിൽ തമിഴ്‌നാട് മഹാരാഷ്ട്ര സർക്കാരുകൾ സമയബന്ധിതമായി ഇടപ്പെട്ടുകൊണ്ട് കേടതിയെ സമീപിച്ചത് മൂലം അവർക്ക് നേട്ടമുണ്ടാക്കാനായി. പിണറായി സർക്കാർ അവരെ കണ്ട് പഠിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമാപന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഇ.എം. ആഗസ്തി, പി.ജെ. ജോയി, മുൻ മന്ത്രി പന്തളം സുധാകരൻ, സി. ഹരിദാസ്, വി.ജെ. ജോസഫ്, മലയാലപ്പുഴ ജ്യോതിഷ്‌കുമാർ, കൃഷ്ണവേണി ശർമ്മ, പി.ആർ. അയ്യപ്പൻ, വി.ആർ. പ്രതാപൻ, ഷാജി പൈനാടത്ത്, ജോർജ് കരിമറ്റം, പി.കെ. രാജൻ, കെ.എ. സിദ്ധീഖ്, ബിജു ദാനിയേൽ പി.പി. റഹിം എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസമായി നടന്ന എക്‌സിക്യൂട്ടീവ് ക്യാമ്പിൽ ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.