പീരുമേട്: ചക്കുപള്ളം ശ്രീ നാരായണ ധർമ്മാശ്രമത്തിൽ നിന്ന് പുറപ്പെട്ട തീർത്ഥാടന പദയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഏലപ്പാറയിൽ സ്വീകരണം നൽകി. യൂണിയൻ അതിർത്തിയായ ചിന്നാറിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പദയാത്രയെ സ്വീകരിച്ച് ബസ് സ്റ്റാൻഡ് മൈതാനത്തേക്ക് ആനയിച്ചു. യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യരും വിവിധ ശാഖാ പ്രസിഡന്റുമാരും ഗുരുദേവ പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി കെ.പി. ബിനു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ തീർത്ഥാടന സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ വി.പി. ബാബു, പി.എസ്. ചന്ദ്രൻ,​ ഡയറക്ടർ ബോർഡ് മെമ്പർ സലികുമാർ,​ വനിതാ സംഘം യൂണിയൻ സെക്രട്ടറി ലതാ മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.