തൊടുപുഴ: നഗരത്തിൽ പരക്കെ മോഷണം നടന്നിട്ടും ഒന്നും ചെയ്യാനാകുന്നില്ല തൊടുപുഴ പൊലീസിന്. രണ്ട് ദിവസത്തിനിടെ നാലിടങ്ങളിൽ മോഷണവും ഒരിടത്ത് മോഷണ ശ്രമവുമാണ് തൊടുപുഴയിൽ അരങ്ങേറിയത്. ഇതിൽ രണ്ട് സംഭവങ്ങളിൽ മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യം സഹിതം ലഭിച്ചിട്ടും കള്ളനെ പിടികൂടാനായില്ല. ബുധനാഴ്ച തൊടുപുഴ ശ്റീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വീട്ടമ്മയുടെ കാറിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതാണ് ആദ്യസംഭവം. പ്രതിയുടേതെന്ന് സംശയിക്കുന്ന സി.സി ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അന്ന് തന്നെ സ്വകാര്യ ബസിൽ മൂന്ന് പേരുടെ ബാഗിൽ നിന്ന് പണം കവർന്ന സംഭവമുണ്ടായി. കൂടാതെ ഇന്നലെ പുലർച്ചെ നഗരത്തിലെ രണ്ട് കടകളിൽ മോഷണം നടന്നു. ഒരു കടയിൽ മോഷശ്രമവും നടന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ടൗൺ ഹാളിനു പിൻവശവും ആർ.എം.എസിനു സമീപത്തെ കുളിക്കടവിലേക്കുള്ള വഴിയും സാമൂഹ്യവിരുദ്ധ കേന്ദ്രമാണ്. നേരത്തെ ഇവിടെയുണ്ടായിരുന്ന ടോയ്‌ലറ്റ് നഗരസഭ അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണ് സാമൂഹ്യവിരുദ്ധർ ഇവിടം താവളമാക്കിയത്. പ്രദേശത്തെ പൊലീസിന്റെ കാര്യമായ നിരീക്ഷണമില്ലാത്തതും ഇവർക്ക് അനുകൂലമാകുന്നുണ്ട്.