തൊടുപുഴ: നഗരത്തിൽ മൂന്നിടങ്ങളിലും കരിമണ്ണൂർ ടൗണിലും അനധികൃതമായി വിറ്റ പടക്കങ്ങൾ തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തു. തൊടുപുഴ ടൗണിൽ മങ്ങാട്ട് കവല, ഷാപ്പുംപടി, സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ സമീപം എന്നിവിടങ്ങളിൽ നിന്നാണ് പടക്കങ്ങൾ പിടിച്ചത്. കേസിൽ നാല് പേരെ എക്സ്‌പ്ലോസീവ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വലിയ അളവിലുള്ള പടക്കങ്ങളാണ് നാലിടത്ത് നിന്നും പിടിച്ചതെന്നും ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപകമായി പരിശോധന തുടരുമെന്നും ഡിവൈ.എസ്.പി അറിയിച്ചു.