തൊടുപുഴ: കേരളത്തിൽ 5 ജി തരംഗം വന്നു കഴിഞ്ഞു എങ്കിലും ജില്ലയുടെ പല മേഖലകളിലും 2 ജി സർവീസ് മാത്രമേ ലഭിക്കുന്നുള്ളുവെന്നും ഇത് ജില്ലയോടുള്ള അവഗണനയായി മാത്രമേ കാണാൻ കഴിയുകയുള്ളുവെന്ന് ജില്ലാ ചെറുകിട വ്യവസായ അസോസിയേഷൻ വിലയിരുത്തി. ധാരാളം വ്യവസായങ്ങളുള്ള ജില്ലയിൽ 5ജിയുടെ വരവോടുകൂടി വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രസിഡന്റ് ബേബി ജോർജ് അഭിപ്രായപ്പെട്ടു. ജില്ല രൂപീകരിച്ചപ്പോൾ മുതൽ പല മേഖലകളിലുമുള്ള അവഗണന ഇപ്പോഴും തുടരുകയാണ്. ഇത് അവസാനിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് രാജു തരണിയിൽ അഭിപ്രായപ്പെട്ടു. ടെലികോം രംഗത്തെ മാറ്റങ്ങൾ ജില്ലയിലെ ജനങ്ങളിലേക്ക് എത്രയും വേഗം എത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ഡീൻ കുര്യാക്കോസ് എം.പിയോടും സംസ്ഥാന സർക്കാരിനോടും അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് ബേബി ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് രാജു തരണിയിൽ സ്വാഗതവും സെക്രട്ടറി റെജി വർഗീസ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ,സുനിൽ വഴുതലക്കാട്ട് എന്നിവർ പ്രസംഗിച്ചു