കുമളി: ബഫർസോൺ പരിധിയിൽ നിന്ന് ജനവാസ മേഖലയും കാർഷിക മേഖലയും ഒഴിവാക്കുന്നതിന്റെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തിൽ ഫീൽഡ് സർവേയ്ക്ക് തുടക്കമായി. പന്ത്രണ്ടാം വാർഡിലാണ് ഫീൽഡ് സർവേ ആരംഭിച്ചിരിക്കുന്നത്. ഉപഗ്രഹ സർവേയിലൂടെ ബഫർ സോൺ നിർണ്ണയിച്ചതിലുള്ള അവ്യക്തത ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ജനവാസ മേഖലയും കാർഷിക മേഖലയും ഒഴിവാക്കുന്നതിനായി ഫീൽഡ് സർവേ നടത്താൻ തീരുമാനിച്ചത്. ഉപഗ്രഹ ചിത്രങ്ങൾ മുഖാന്തിരം കണ്ടെത്താൻ കഴിയാത്തവയുടെ വിവരശേഖരണത്തിനായുള്ള പ്രൊഫോർമ വഴിയാണ് സർവേ നടത്തുന്നത്. ആസ്തിവിവരണവും ഫോട്ടോയും ലാൻഡ് മാർക്കും ഉൾപ്പെടുന്നതാണ് പ്രൊഫോർമ. വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് ഓരോ വാർഡിലുമെത്തി നേരിട്ട് പരിശോധന നടത്തുക. ജനങ്ങളിൽ നിന്ന് അപേക്ഷയും ഇതോടൊപ്പം സ്വീകരിക്കും. ജനവാസം കൂടുതലുള്ള മേഖലയാണ് ബഫർസോണിലുൾപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണിത്. ബഫർസോൺ സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ് ഡെസ്‌കുകളും പഞ്ചായത്തിൽ ആരംഭിച്ചു. ഉപഗ്രഹ സർവേ റിപ്പോർട്ടിലും 2021ൽ സർക്കാർ കേന്ദ്രത്തിന് നൽകിയ സീറോ ബഫർ സോൺ റിപ്പോർട്ടിലും ജനുവരി ഏഴ് വരെ ജനങ്ങൾക്ക് പരാതി നൽകാം. ഫീൽഡ് സർവേ കൂടി ചേർത്ത് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകാനാണ് സർക്കാർ ലക്ഷ്യം. കുമളി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ഫീൽഡ് സർവേയിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, വൈസ് പ്രസിഡന്റ് വി.എ. ബാബുകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. സിദ്ദിഖ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി ബിജു, വാർഡ് മെമ്പർ വിനോദ് ഗോപി എന്നിവർ പങ്കെടുത്തു.
'ജനങ്ങളുടെ നിലവിലെ ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കുമളി ഗ്രാമപഞ്ചായത്ത് സജീവമായ ഇടപെടലാണ് നടത്തുന്നത്. ഫീൽഡ്തല സർവേ അതിവേഗം പൂർത്തീകരിക്കാനാണ് തീരുമാനം. "
- പാട്ടീൽ സുയോഗ് സുഭാഷ് റാവോ
(പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ)