തൊടുപുഴ: വനാതിർത്തിക്ക് പുറത്തേക്ക് ബഫർസോൺ പാടില്ല, ജില്ലയിലെ നിർമ്മാണ നിരോധനം പിൻവലിക്കുക, വന്യമൃഗശല്യം മൂലം നഷ്ടം സംഭവിക്കുന്ന കർഷകന് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൺവെൻഷനുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 26ന് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള സിൽവർ ജൂബിലി ആഘോഷങ്ങളടക്കമുള്ളവ ജനവിരുദ്ധ ഉത്തരവുകൾ കൊണ്ട് പൊറുതിമുട്ടിയ ഇടുക്കിയിൽ നടത്തുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം. പരിക്ക് പറ്റുന്നവർക്ക് 50 ലക്ഷം വരെ നഷ്ട പരിഹാരം അനുവദിക്കണം. വനാതിർത്തികളിൽ ശക്തമായ വേലികൾ നിർമ്മിച്ചോ മതിലുകൾ നിർമ്മിച്ചോ വന്യമൃഗങ്ങളുടെ ആക്രമണം തടയണമെന്നും ഇവർ ആവശ്യമുന്നയിച്ചു. വിവിധ വില്ലേജുകളിൽ സർക്കാർ ഇറക്കിയിട്ടുള്ള നിരോധന ഉത്തരവുകൾ പിൻവലിക്കുകയും പത്തു ചെയിൻ അടക്കമുള്ള പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യണം. നാമമാത്ര നഷ്ടപരിഹാരം കൊടുത്ത് കർഷകരെ കുടിയൊഴിപ്പിച്ചുകൊണ്ട് വന വികസനം നടത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ഉപേക്ഷിക്കണമെന്നും ജില്ലയിൽ നിലനിൽക്കുന്ന നിർമ്മാണ നിരോധനം എത്രയും വേഗം പിൻവലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ലാൻഡ് ഫ്രീഡം മൂവ്‌മെന്റ് ചെയർമാൻ സണ്ണി പൈമ്പിള്ളിൽ, ജനറൽ കൺവീനർ റസാഖ് ചൂരവേലിൽ, രാഷ്ട്രീയ കിസാൻ മഹാസംഘ് ജനറൽ കൺവീനർ ജോസുകുട്ടി ഒഴുകയിൽ, സെക്രട്ടറി പി.എം. ബേബി, ട്രഷറർ ആർ. രമേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.