ഇടുക്കി: മലയോരജനതയുടെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്ന ഡെമോക്ലീസിന്റെ വാളാണ് ഒരിക്കലും അവസാനിക്കാത്ത ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ. ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ, പരിസ്ഥിതി ദുർബല മേഖലാ പ്രഖ്യാപനം, നിർമ്മാണ നിരോധന നിയമം, രൂക്ഷമായ വന്യമൃഗ ശല്യം, ബഫർസോൺ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ മൂലം ജനങ്ങൾക്ക് ജനിച്ച മണ്ണിൽ സ്വസ്ഥമായി ജീവിക്കാനാകാത്ത സ്ഥിതിയാണ്. മൂന്ന് വർഷത്തിലേറെയായി ഇടുക്കിയിലെ സാധാരണക്കാരുടെ അതിജീവനത്തിന് വെല്ലുവിളിയുയർത്തുന്നത് ചില സർക്കാർ ഉത്തരവുകളാണ്. 2019 ആഗസ്റ്റ് മുതൽ ഇറങ്ങിത്തുടങ്ങിയ വിവിധ ഭൂവിനിയോഗ ഉത്തരവുകളാണ് ആദ്യം കർഷകരെ ഭീതിയിലാക്കി തുടങ്ങിയത്. പട്ടയഭൂമിക്ക് നൽകുന്ന കൈവശാവകാശ രേഖയിൽ എന്തിനു വേണ്ടിയാണ് ഭൂമി ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കണമെന്നാണ് ആഗസ്റ്റിലെ ഉത്തരവ്. ശക്തമായ ജനരോഷമുണ്ടായപ്പോൾ സർക്കാർ ഈ നിയന്ത്രണങ്ങൾ മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്ക് ചുരുക്കി. എന്നാൽ ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ മാത്രമുള്ള ഈ നിയന്ത്രണങ്ങൾ വിവേചനമാണെന്നു വാദിച്ച് പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സംസ്ഥാന വ്യാപകമായി കെട്ടിട നിർമാണ ചട്ടത്തിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എല്ലാ വില്ലേജ് ഓഫീസർമാരും കൈവശ സർട്ടിഫിക്കറ്റിൽ ഭൂമിയുടെ വിശദാംശം രേഖപ്പെടുത്താനും നിർമാണ പെർമിറ്റ് നൽകും മുമ്പ് തദ്ദേശസ്ഥാപനങ്ങൾ ഇതു വിലയിരുത്താനും നിർദേശിച്ച് റവന്യൂ, തദ്ദേശ വകുപ്പുകളുടെ സെക്രട്ടറിമാർ ഒരു മാസത്തിനകം ഉത്തരവിറക്കണമെന്ന് കോടതി നിർദേശിച്ചു. ഇനി മുതൽ, ഭൂമി പതിച്ചു നൽകിയത് എന്താവശ്യത്തിനാണെന്നു പരിശോധിച്ചു രേഖപ്പെടുത്തിയ ശേഷം മാത്രം റവന്യൂ ഉദ്യോഗസ്ഥർ കൈവശ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും കോടതി നിർദേശിച്ചു. ഈ ഉത്തരവ് ഇടുക്കി മുഴുവൻ നടപ്പാക്കാനായി ജില്ലാ കളക്ടർ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെട്ടിടനിർമാണ ചട്ടം ഭേദഗതി ചെയ്യാത്ത സാഹചര്യത്തിൽ കൈവശാവകാശ രേഖയിൽ ഭൂമി എന്താവശ്യത്തിനാണ് പതിച്ചു നൽകിയതെന്ന് രേഖപ്പെടുത്തണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. ഫലത്തിൽ 2019ൽ പുറത്തുവന്ന നിർമാണ നിയന്ത്രണം ജില്ലയിൽ വീണ്ടും പ്രാബല്യത്തിലായി. 2020 ആഗസ്റ്റ് 20ന് ഇടുക്കിയിലെ പട്ടയ ഭൂമിയിലെ നിർമ്മാണങ്ങൾക്കു റവന്യൂ എൻ.ഒ.സി നിർബന്ധമാക്കിയത് മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലേക്കു ചുരുക്കി സർക്കാർ വീണ്ടും പുതിയ ഉത്തരവിറക്കി. കണ്ണൻദേവൻ ഹിൽസ്, ചിന്നക്കനാൽ, ശാന്തൻപാറ, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി, വെള്ളത്തൂവൽ, ആനവിലാസം എന്നീ എട്ട് വില്ലേജുകളിലാണ് നിയന്ത്രണം. പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന മൂന്നാറിലെ നിർമ്മാണ നിരോധനം മൂന്നാറുമായി പുലബന്ധം പോലുമില്ലാത്ത ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, ബൈസൺവാലി വില്ലേജുകളിലും ഏർപ്പെടുത്തി.കൃഷിക്കും വീട് വയ്ക്കാനുമല്ലാതെ ഇവിടങ്ങളിലെ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവില്ല. ഉപജീവനത്തിന് ആവശ്യമായ ചെറിയ കെട്ടിടങ്ങൾക്കു പോലും റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കില്ല.
അടുത്ത കുരിശായി ബഫർസോൺ
നൂറുകൂട്ടം ഭൂപ്രശ്നങ്ങൾക്കിടയിൽ കുടിയിറക്കപ്പെടുമോയെന്ന് ഭയന്ന് ജീവിക്കുമ്പോഴാണ് ബഫർ സോൺ നിർണയവുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ റിപ്പോർട്ട് പുറത്തുവരുന്നത്. സുപ്രീം കോടതി നിർദേശാനുസരണം സംരക്ഷിത വനമേഖലയുടെ കരുതൽ മേഖലയിലെ (ബഫർ സോൺ) ജനവാസ കേന്ദ്രങ്ങളും വ്യവസായങ്ങളും കണ്ടെത്താൻ നടത്തിയ ഉപഗ്രഹ സർവേയാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. റിപ്പോർട്ടിൽ ജില്ലയിലെ 15 പഞ്ചായത്തുകളിൽ ചില പ്രദേശങ്ങൾ പൂർണമായും ചിലത് ഭാഗികമായും ബഫർ സോണിലാണ്. കരുതൽ മേഖലയിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവയുടെ സ്ഥാനങ്ങൾ മിക്കതും റിപ്പോർട്ടിൽ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഇതുവരെ ബഫർസോണിൽ ഉൾപ്പെടാത്ത വില്ലേജുകൾകൂടി ഉപഗ്രഹസർവേ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. ജില്ലയിലെ എട്ട് സംരക്ഷിത വനങ്ങൾക്ക് ചുറ്റുമുള്ള കരുതൽ മേഖലയിൽ നടത്തിയ ഉപഗ്രഹ സർവേയിൽ തങ്ങളുടെ സ്ഥലം ഉൾപ്പെട്ടിട്ടണ്ടോ എന്ന് തിരിച്ചറിയാനാകാതെ പകച്ചുനിൽക്കുകയാണ് കുടിയേറ്റ കർഷകർ. പ്രശ്നപരിഹാരത്തിനായി ബഫർസോണുമായി ബന്ധപ്പെട്ട് വനംവകുപ്പ് കേന്ദ്രത്തിന് 2021ൽ നൽകിയ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചെങ്കിലും ആശങ്കയൊഴിയുന്നില്ല. ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കാമെന്നാണ് സർക്കാർ പറയുന്നത്.
കട്ടപ്പന സമരജ്വാലയിൽ തിളയ്ക്കും
കട്ടപ്പന: ജനിച്ച മണ്ണിൽ ജീവിക്കാൻ പോരാടുന്ന ജില്ലയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരപ്രഖ്യാപന റാലിയും മഹാസമ്മേളനവും 'യോഗജ്വാല' ഇന്ന് കട്ടപ്പനയിൽ പുതിയ സമരചരിത്രം സൃഷ്ടിക്കും. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുക, നിർമ്മാണ നിരോധനം പിൻവലിക്കുക, ബഫർ സോൺ ഉത്തരവ് റദ്ദ് ചെയ്യുക, പട്ടയ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഏഴ് യൂണിയനുകളും കട്ടപ്പനയിൽ ഒത്തുചേർന്ന് ജില്ലയിലെ ജനതയുടെ സമരപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. ജില്ലയിൽ ആദ്യമായി എസ്.എൻ.ഡി.പി യോഗമാണ് ജനങ്ങളുടെ നീറുന്ന പ്രശ്നമുയർത്തി സമരരംഗത്തേക്കിറങ്ങുന്നത്. 'വനവും വന്യജീവി സംരക്ഷണവും മനുഷ്യനെയും സംരക്ഷിച്ചുകൊണ്ടാവട്ടെ'' എന്ന മുദ്രാവാക്യമുയർത്തി രാവിലെ 10ന് കട്ടപ്പനയിൽ നടക്കുന്ന യോഗജ്വാല എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവർ പങ്കെടുക്കും.
രാവിലെ 10ന് കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന മഹാറാലിയിൽ തൊടുപുഴ, അടിമാലി, രാജാക്കാട്, ഇടുക്കി, നെടുങ്കണ്ടം, പീരുമേട്, മലനാട് എന്നീ ഏഴ് യൂണിയനുകളിൽ നിന്നുമുള്ളവർ പങ്കെടുക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ, തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപിവൈദ്യർ, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി.രാജൻ, അടിമാലി യൂണിയൻ പ്രസിഡന്റ് സുനു രാമകൃഷ്ണൻ, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ, ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, അടിമാലി യൂണിയൻ സെക്രട്ടറി ജയൻ കെ.കെ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി കൗൺസിലർ സന്തോഷ് മാധവൻ, സൈബർസേന കേന്ദ്രസമിതി കൺവീനർ ഷെൻസ് സഹദേവൻ, സൈബർസേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, യൂത്ത്മൂവ്‌മെന്റ് ജില്ലാ കൺവീനർ വിനോദ് ശിവൻ, സൈബർസേന ജില്ലാ ചെയർപേഴ്‌സൺ സജിനി സാബു, സൈബർസേന ജില്ലാ കൺവീനർ വൈശാഖ് പി.എസ് എന്നിവർ സംസാരിക്കും.