കട്ടപ്പന: അതിജീവന പോരാട്ടത്തിന്റെ പുത്തൻ പോർമുഖം തുറന്ന് മലയോര ജനതയെ ചേർത്തുപിടിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെ ഈഴവ യുവത്വം ജില്ലയുടെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയിൽ നടത്തിയ സമരപ്രഖ്യാപന സമ്മേളനവും മഹാറാലിയും ഇടുക്കി ജില്ലയുടെ സമര ചരിത്രത്തിലെ പുതിയ അദ്ധ്യായമായി മാറി. ജില്ലയിൽ ആദ്യമായി എസ്.എൻ.ഡി.പി യോഗം എല്ലാവിഭാഗം ജനങ്ങളും അനുഭവിക്കുന്ന നീറുന്ന ഭൂപ്രശ്‌നങ്ങളുയർത്തി സമരരംഗത്തേക്കിറങ്ങിയത് ചരിത്രമായി. എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ സമരപ്രഖ്യാപന റാലിയിലും മഹാസമ്മേളനത്തിലും കടുത്ത വെയിലിനെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് അണിനിരന്നത്. ഇടുക്കി ജില്ലയിലെ ഏഴു യൂണിയനുകളുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന 'യോഗജ്വാല" എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് അധികാര വർഗ്ഗത്തിന്റെ കരുണ തേടി യൂത്ത്മൂവ്മെന്റ് നടത്തുന്ന ഈ സമര പ്രഖ്യാപന സമ്മേളനത്തെ അവഗണിച്ചാൽ എസ്.എൻ.ഡി.പി യോഗം സമരമേറ്റെടുത്ത് പരിഹാരം കാണാൻ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ജന ജീവിതത്തെ താറുമാറാക്കുന്ന ബഫർ സോൺ, നിർമ്മാണ നിരോധനം, പട്ടയ പ്രശ്‌നങ്ങൾ, കാർഷിക വിളകളുടെ വിലയിടിവ് തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് ആമുഖപ്രഭാഷണം നടത്തി. നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് സ്വാഗതം ആശംസിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പകുളം ഗോപി വൈദ്യർ നന്ദിയും പറഞ്ഞു. യോഗത്തിൽ യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ, സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, അടിമാലി യൂണിയൻ പ്രസിഡന്റ് സുനു രാമകൃഷ്ണൻ, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ, ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, അടിമാലി യൂണിയൻ സെക്രട്ടറി കെ.കെ. ജയൻ, പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി.ബിനു, തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, സൈബർ സേന കേന്ദ്ര സമിതി കൺവീനർ ഷെൻസ് സഹദേവൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി നേതാക്കന്മാരായ സന്തോഷ് മാധവൻ,​ സജീഷ് മണലേൽ, സബിൻ വർക്കല, രജീഷ് മാളാ മണിലാൽ, സുജീഷ് സഹദേവൻ, ഷിനിൽ കോതമംഗലം, സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ ഐബി പ്രഭാകരൻ, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, കൺവീനർ വിനോദ് ശിവൻ, സൈബർ സേന ജില്ലാ ചെയർപേഴ്‌സൺ സജിനി സാബു, കൺവീനർ വൈശാഖ് പി.എസ് എന്നിവർ സംസാരിച്ചു. ജനിച്ച മണ്ണിൽ ജീവിക്കാൻ പോരാടുന്ന ജില്ലയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സമരപ്രഖ്യാപന റാലിയും മഹാസമ്മേളനവുമായ 'യോഗജ്വാല' സംഘടിപ്പിച്ചത്. യോഗം ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ വേദിയിലെല്ലാവരും ഒരുമിച്ച് കൈകൾ കോർത്ത് സമരപ്രഖ്യാപനവും നടത്തി.

തീവെയിലിലും ചോരാതെ സമരവീര്യം

ഡിസംബറിലെ കത്തുന്ന വെയിലിലും സമരവീര്യം ചോരാതെ സ്ത്രീകളടക്കമുള്ള ശ്രീനാരായണീയർ നടത്തിയ മഹാറാലി അക്ഷരാർത്ഥത്തിൽ വാണിജ്യ തലസ്ഥാനത്തെ സ്തംഭിപ്പിച്ചു. രാവിലെ പത്തരയോടെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ടൗൺ ഹാളിലേക്ക് നടത്തിയ റാലിയിൽ യൂത്ത്മൂവ്മെന്റ്,​ വനിതാസംഘം,​ കുമാരിസംഘം തുടങ്ങിയ പോഷക സംഘടനകളിൽ നിന്നായി പതിനായിരങ്ങളാണ് റോഡിൽ അണിനിരന്നത്. നാസിക് ഡോളിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നഗരമുണരുന്ന മഹാപ്രകടനമായി അത് മാറി. അടുത്ത കാലത്ത് ജില്ല കണ്ട ഏറ്റവും വലിയ ജനസഞ്ചയമാണ് കട്ടപ്പനയിലേക്ക് ഏഴ് യൂണിയനുകളിൽ നിന്നായി ഒഴുകിയെത്തിയത്. 'വനവും വന്യജീവി സംരക്ഷണവും മനുഷ്യനെയും സംരക്ഷിച്ചുകൊണ്ടാവട്ടെ'' എന്ന മുദ്രാവാക്യം വാനിൽ മുഴങ്ങി. മഞ്ഞപട്ടണിഞ്ഞ റാലി കാണാൻ റോഡിന്റെ ഇരുവശങ്ങളിലും വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലും നാട്ടുകാർ കാത്ത് നിന്നു. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുക, നിർമ്മാണ നിരോധനം പിൻവലിക്കുക, ബഫർ സോൺ ഉത്തരവ് റദ്ദ് ചെയ്യുക, പട്ടയ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മഹാറാലി. തൊടുപുഴ, അടിമാലി, രാജാക്കാട്, ഇടുക്കി, നെടുങ്കണ്ടം, പീരുമേട്, മലനാട് എന്നീ ഏഴ് യൂണിയനുകളിൽ നിന്നുള്ളവർ റാലിയിൽ അണിനിരന്നു.