acci

കുമളി: ശബരിമല തീർത്ഥാടകരുടെ ടവേര കാർ മറിഞ്ഞ് എട്ട് ജീവനുകൾ പൊലിഞ്ഞ ദുരന്തത്തിന്റെ നടുക്കം മാറാതെ അന്തർസംസ്ഥാന അതിർത്തി മേഖല. അപകടത്തിലേക്ക് നയിച്ചത് അമിത വേഗതയും വഴിപരിചയം ഇല്ലാത്തതുമാണെന്നാണ് പൊലീസിന്റെ നിഗമനം. വർഷങ്ങൾക്ക് ശേഷം മണ്ഡല മകരവിളക്ക് സീസണിൽ ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്. വാഹനത്തിലുണ്ടായിരുന്ന പത്ത് പേരിൽ എട്ട് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ദർശനത്തിന് ശേഷം മടങ്ങിയ 10 അംഗം സംഘം കുമളിയിലെത്തി വാഴക്ക ചിപ്‌സ് വാങ്ങിയിരുന്നു. ഇവിടെ നിന്ന് വെറും മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് അപകടമുണ്ടായ സ്ഥലം. ഈ സാഹചര്യത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന നിഗമനം കേരള പൊലീസും തള്ളുന്നു. കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയപാതയിലെ കുമളി മുതൽ ലോവർ ക്യാമ്പ് വരെയുള്ള ഭാഗം വളവും തിരിവും കുത്തിറക്കങ്ങളും നിറഞ്ഞതാണ്. ഇതുവഴി അശ്രദ്ധമായി അമിതവേഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അപകടമുണ്ടായ ഇരച്ചിൽപാലത്തിന് സമീപത്തെ കൈവരിയിൽ വാഹനം ഇടിച്ച പാടുകളുണ്ട്. ശേഷം ഉയർന്ന് പൊങ്ങി സമീപത്തെ മരത്തിന്റെ ചില്ലകളിൽ തട്ടിയാണ് 20 അടിയോളം താഴെയുള്ള നാല് പെൻസ്റ്റോക്ക് പൈപ്പുകളുടെ മുകളിലേക്കു വീണത്. ഇതിൽ രണ്ടാമത്തെ പൈപ്പിന്റെ മുകളിലാണ് വാഹനം പതിച്ചത്. ഇവിടെ നിന്ന് നിരങ്ങി നീങ്ങി പത്തടിയോളം താഴെയുള്ള കോൺക്രീറ്റ് ബീമിൽ ഇടിച്ച് നിന്ന വാഹനം തലകീഴായി മറിഞ്ഞ നിലയിലായിരുന്നു വാഹനം. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണ്ണമായും തകർന്നു. വാഹനം കൈവരിയിൽ ഇടിച്ച സമയം ഏഴ് വയസുള്ള ഹരിഹരൻ എന്ന കുട്ടി തെറിച്ച് താഴെ വീണിരുന്നു.

ആദ്യമറിഞ്ഞത് പച്ചക്കറി വണ്ടിയിലെത്തിയവർ

പച്ചക്കറി വാഹനത്തിലെത്തിയവരാണ് അപകടവിവരം ആദ്യമറിഞ്ഞത്. റോഡിൽ പരിക്കേറ്ര് കിടക്കുന്ന കുട്ടിയെ എടുത്ത് 66-ാം മൈലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരാണ് കുമളി പൊലീസിനെ വിവരം അറിയിച്ചത്. അപകടം നടന്നത് തമിഴ്‌നാട്ടിലാണെങ്കിലും ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളെയും ഇരു ജില്ലാ പൊലീസ് മേധാവിമാരെയും കുമളി എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ വിവരം അറിയിച്ചു. പൊലീസെത്തിയപ്പോൾ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

ആദ്യം നാല് പേരെ പുറത്തെടുത്തു, ഇവർ മരിച്ചിരുന്നു. അടുത്തതായി രണ്ടുപേരെ പുറത്തെടുത്തു. ഇവർക്ക് ജീവനുണ്ടായിരുന്നതിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇതിലൊരാൾ യാത്രാമദ്ധ്യേ മരിച്ചു. അവസാനം കുടുങ്ങിക്കിടന്ന മൂന്ന് പേരെ പുറത്തെടുക്കാനായി മണിക്കൂറുകൾ പ്രയത്‌നിക്കേണ്ടി വന്നു. ഇവരെല്ലാം മരിച്ച നിലയിലായിരുന്നു. വാഹനം പെൻസ്റ്റോക്ക് പൈപ്പുകൾക്കിടയിലായിരുന്നത് വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിന് തടസമായി. പിന്നീട് ക്രെയിനെത്തിച്ച് വാഹനം ഉയർത്തി മാറ്റുകയായിരുന്നു. ആണ്ടിപ്പെട്ടി സ്വദേശികളായ ശിവകുമാർ, വിനോദ്കുമാർ, നാഗരാജ്, മുനിയാണ്ടി, ദേവദാസ്, എം. കലൈശെൽവൻ, കന്നിച്ചാമി, ഗോപാല കൃഷ്ണൻ എന്നിവരാണ് മരിച്ചത്. ഹരിഹരന്റെ പിതാവ് രാജയുടെ പരിക്ക് ഗുരുതരമാണ്. ഇയാളുടെ തലയ്ക്കാണ് പരിക്കേറ്റത്. ഹരിഹരന്റെ മൂക്കിനാണ് പരിക്കേറ്റത്. കുട്ടിയെ പ്രാഥമിക ചികിത്സ നൽകി കുഴപ്പമില്ലെന്ന് കണ്ടതിനാൽ തേനിയിലേക്ക് ബന്ധുക്കൾക്കൊപ്പം പൊലീസ് പറഞ്ഞയച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇടുക്കി കളക്ടറാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. തമിഴ്‌നാട് ദേവസ്വം അധികൃതരെയും രാത്രി തന്നെ ബന്ധപ്പെട്ടിരുന്നു.