തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. മായാ രാജിനെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൾട്ടന്റ് പാലക്കുഴ അർച്ചന ഭവനിൽ മായാ രാജിനെ രോഗിയുടെ ഭർത്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വീട്ടിൽ നിന്ന് പിടികൂടിയത്. അന്ന് മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന നിശ്ചയിച്ചതെങ്കിലും രക്തസമ്മർദ്ദത്തിൽ വ്യത്യാസം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ഹൃദയസംബന്ധമായ പരിശോധനകൾ അടക്കം ഇതിനോടകം പൂർത്തിയായി. നിലവിൽ മായാരാജ് വിജിലൻസ് കാവലിലാണ്. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും. ഗർഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതേട് സ്വദേശിയുടെ ഭാര്യയായ യുവതിക്ക് തുടർ ചികിത്സ നൽകുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനായിരുന്നു അറസ്റ്റ്.