
ചെറുതോണി: കരിമ്പന് സമീപം ആംബുലൻസിനുള്ളിൽ യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി കദളിക്കുന്നേൽ ലിസണാണ് (കുട്ടപ്പൻ- 42) പിടിയിലായത്. യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചെറുതോണിയിലെ സ്വകാര്യ ലാബിലെ ആംബുലൻസ് ഡ്രൈവറാണ് അറസ്റ്റിലായ ലിസൺ. ഇതേ ലാബിലെ ജീവനക്കാരാണ് പരാതിക്കാരായ യുവതികൾ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: ലാബ് ജീവനക്കാരുടെ ക്രിസ്മസ് ആഘോഷത്തിന് ശേഷം യുവതികളെ ആംബുലൻസിൽ വീട്ടിൽ കൊണ്ടുപോയി വിടുന്നതിനായി ലാബുടമ ലിസണെ ചുമതലപ്പെടുത്തി. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ തടിയമ്പാടിന് സമീപത്ത് വച്ച് പിന്നിൽ ഇരുന്ന യുവതിയെ വാഹനം ഓടിക്കുന്നതിനിടയിൽ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ബഹളം വച്ച യുവതി വാഹനം നിറുത്തിച്ച് വാഹനത്തിൽ നിന്നിറങ്ങി ഓടി. പിന്നാലെ എത്തിയ ലിസൺ യുവതിയെ അനുനയിപ്പിച്ച് വാഹനത്തിൽ തിരികെ എത്തിച്ച് മുമ്പിലിരുന്ന യുവതിയെ കൂട്ടി പിൻസീറ്റിലിരുത്തി യാത്ര തുടർന്നു. ഇതിന് ശേഷം കരിമ്പന് സമീപം അട്ടിക്കളത്ത് ആളൊഴിഞ്ഞ വനപ്രദേശത്ത് വാഹനം നിർത്തി വാഹനത്തിന്റെ പിന്നിൽ കയറിയും യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതികൾ ബഹളം കൂട്ടിയതോടെ ഇയാൾ വീണ്ടും വാഹനമോടിച്ച് പോയി. ചുരുളിയിൽ വാഹനം നിർത്തിയപ്പോൾ ഇറങ്ങിയ യുവതികൾ ഇവരിൽ ഒരാളുടെ പിതാവിനോട് സംഭവങ്ങൾ വിശദീകരിച്ചു. അവശനിലയിലായ യുവതികളെ പിതാവും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു. ഇടുക്കി പൊലീസ് ആശുപത്രിയിലെത്തി യുവതികളുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പ്രതിയുടെ വീട്ടിൽ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി ഇതിന് മുമ്പും സമാനമായ പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഇടുക്കി എസ്.എച്ച്.ഒ ബി. ജയൻ പറഞ്ഞു.