തൊടുപുഴ: ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് നടപ്പാക്കുന്നതിനായി നിലവിൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള 52.59 ഹെക്ടർ സ്ഥലത്ത് ജനവാസ കേന്ദ്രങ്ങളോ സ്വകാര്യ ഭൂമിയോ ഉൾപ്പെടുന്നില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. നൽകിയ ഭൂമിയിൽ വെള്ളം കയറുന്നതിനാൽ പകരം വനം വകുപ്പ് ആവശ്യപ്പെടുന്ന 12.58 ഹെക്ടർ സ്ഥലം നൽകുന്ന കാര്യം പരിശോധിക്കും. അത് ഇവിടെനിന്നല്ല, ജനവാസം ഇല്ലാത്ത മറ്റിടങ്ങളിൽ നിന്നാകും നൽകുക എന്നും മന്ത്രി തൊടുപുഴയിൽ പറഞ്ഞു.
മൂലമറ്റം ത്രിവേണി മുതൽ കാഞ്ഞാർ വരെയുള്ള പുഴയോരത്തെ ജനവാസ മേഖലയോടു ചേർന്ന ഭൂമി നൽകില്ല. അത് എം.വി.ഐ.പിയുടെ പേരിൽ തന്നെ അടുത്തിടെ ജണ്ടയിട്ട് അതിർത്തി തിരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് യാതൊരു ആശങ്കയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങൾ ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനു വേണ്ടി ഉള്ളതാണ്.
കാൽ നൂറ്റാണ്ടു മുൻപ് ഇടമലയാർ പദ്ധതിക്ക് വേണ്ടി 115.047 ഹെക്ടർ വനഭൂമി ജലസേചന വകുപ്പിന് വിട്ടുനൽകിയതിനു പകരമായി 65.46 ഹെക്ടർ ഭൂമി കാരാപ്പുഴ പ്രോജക്ടിൽ നിന്നും 52.59 ഹെക്ടർ ഭൂമി മൂവാറ്റുപുഴ ഇറിഗേഷൻ പ്രോജക്ടിൽനിന്നും വിട്ടുനൽകുന്നതിനു നേരത്തെ കരാറായിരുന്നു.ഇതിനു 1992 ഫെബ്രുവരി 27നു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ഇതനുസരിച്ച് 1996 ഡിസംബർ 24നു എംവിഐപിയുടെ 52.59 ഹെക്ടർ ഭൂമി കൈമാറുകയും ചെയ്തു. ഇതിന്റെ വിജ്ഞാപനമാണ് ഡിസംബർ രണ്ടിന് പുറത്തിറങ്ങിയത്.