എം.വി.ഡി, പൊലീസ്, എക്‌സൈസ് സംയുക്ത പരിശോധന
മദ്യപിച്ച് വാഹനം ഓടിച്ച 9 പേരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു
തൊടുപുഴ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ റോഡ് സുരക്ഷാ എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കി. മോട്ടോർ വാഹന വകുപ്പ്, പൊലിസ്, എക്‌സൈസ് സംയുക്തമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 215 കേസുകളിലായി 3,52,650 രൂപ പിഴയീടാക്കി. മദ്യപിച്ച് വാഹനം ഓടിച്ച ഒമ്പത് പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു. ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 36 പേർക്കും ലൈസൻസ് ഇല്ലാത്തതിന് 14 പേർക്കും പിഴ ചുമത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്. തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം, പീരുമേട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നത്. എം.വി.ഐ മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകളിൽ രണ്ട് എ.എം.വി.ഐമാരുണ്ടാകും. അതത് പൊലീസ് സ്റ്റേഷൻ പരിധിയിലെ സബ് ഇൻസ്‌പെക്ടർമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാർ സ്‌ക്വാഡുകളെ സഹായിക്കും. എം.വി.ഐ കെ.ബി അഭിലാഷിന്റെ നേതൃത്വത്തിലുള്ള തൊടുപുഴ സ്‌ക്വാഡിൽ എ.എം.വി.ഐമാരായ നിസാർ ഹനീഫ, ബിനു കൂരാപ്പള്ളി എന്നിവർ അംഗങ്ങളാണ്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ആർ പത്മകുമാർ, ഇൻസ്‌പെക്ടർ ദിലീപ് സി.പി, കരിങ്കുന്നം പൊലീസ് സബ് ഇൻസ്‌പെക്ടർ ബൈജു പി ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സ്‌ക്വാഡുമായി സഹകരിച്ച് പ്രവർത്തിക്കുന്നത്. വരും ദിവസങ്ങളിലും വാഹന പരിശോധന തുടരുമെന്ന് ഇടുക്കി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ നസീർ, ജില്ലാ പൊലിസ് മേധാവി വി.യു കുര്യാക്കോസ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അബു എബ്രഹാം എന്നിവർ അറിയിച്ചു. ഈ മാസം 31 വരെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം.
പിഴയീടാക്കിയ കേസുകൾ
ഇൻഷുറൻസ് ഇല്ലാത്തതിന്- 27
വാഹനത്തിന്റെ രൂപമാറ്റം- 7
അധിക ഭാരം- 1
അധിക ലൈറ്റ്- 12
നിമവിരുദ്ധ ടാക്‌സി- 13
ടാക്‌സ്- 7
സി.എഫ്- 6
രജിസ്‌ട്രേഷൻ- 12
വായു മലിനീകരണം- 7
സൺ ഫിലിം- 23
ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗം- 4
അനുസരണക്കേട്- 10