തൊടുപുഴ: പൊതുസമൂഹത്തിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളർത്തുന്നതിനും മയക്കുമരുന്നിന്റെ വിപണനത്തിനും ഉപയോഗത്തിനുമെതിരെയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും പൊതബോധം വളർത്തുന്നതോടൊപ്പം സാംസ്‌കാരിക പ്രതിരോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന ലൈബ്രറി കൗൺസിൽ ആരംഭിച്ച ജനചേതന യാത്ര 28, 29 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാടിന്റെ ഭാവിയ്ക്ക് മേൽ ഇരുൾമൂടുന്ന വിധം അന്ധവിശ്വാസവും അനാചാരവും മയക്കുമരുന്നും മഹാവിപത്തുക്കളായി പടരുകയാണ്. ലോകത്തും രാജ്യത്തുമെന്നപോലെ നമ്മുടെ കേരളത്തിലും ഇവ വലിയ രീതിയിൽ പ്രചരിക്കുന്നുവെന്ന യാഥാർത്ഥ്യം കടുത്ത ആശങ്ക ഉണർത്തുന്നു. കേരളം ആർജ്ജിച്ച ജീവിത നിലവാരത്തിനും സാമൂഹ്യ പ്രബുദ്ധതയ്ക്കും ഭീഷണിയാണിത്. 22ന് അരുവിപ്പുറത്ത് നിന്ന് ആരംഭിച്ച ദക്ഷിണ മേഖലജാഥ ജില്ലയിൽ 28ന് പ്രവേശിക്കും. ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലം പീരുമേടാണ്. തുടർന്ന് കട്ടപ്പന, അടിമാലിയിലൂടെ കടന്ന് തൊടുപുഴയിൽ സമാപിക്കും. പീരുമേട്ടിൽ വാഴൂർ സോമൻ എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്യും. തുടർന്ന് 29ന് രാവിലെ ഒമ്പതിന് കട്ടപ്പനയിൽ എത്തും. കട്ടപ്പനയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ജാഥ ഉദ്ഘാടനം ചെയ്യും. അതിനുശേഷം 11.30ന് അടിമാലിയിൽ എത്തും. അടിമാലിയിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ.വി. ശശി ജാഥ ഉദ്ഘാടനം ചെയ്യും. അടിമാലിയിൽ നിന്ന് വൈകിട്ട് മൂന്നിന് തൊടുപുഴ എത്തുന്നതോടെ ജാഥ സമാപിക്കും. തൊടുപുഴയിൽ അഡ്വ. സി.കെ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്യും. കൂടാതെ നാല് സീകരണ സ്ഥലത്തും കലാസാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ മഹത് വ്യക്തികൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ഇ.ജി. സത്യൻ, താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ, താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. രമണൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സണ്ണി തോമസ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.