തൊടുപുഴ: മനോഹരങ്ങളായ കാഴ്ചകളാൽ സമ്പന്നമാണ് ശാസ്താംപാറയെന്ന സുന്ദരപ്രദേശം. ഒരുവശത്ത് വലിയ ഉയരത്തിലുള്ള ഇടിവെട്ടിപ്പാറ. മറുവശത്ത് വണ്ണപ്പുറം, കോട്ടപ്പാറ മലനിരകൾ. തൊടുപുഴ നഗരസഭയുടെയും ഇടവെട്ടി, കരിമണ്ണൂർ, ആലക്കോട് പഞ്ചായത്തുകളുടെയും സംഗമസ്ഥാനമാണ് ഈ സുന്ദരി. ശാസ്താംപാറ കുരിശ് പാറയിലെത്തിയാൽ സ്വാഗതമോതുക കുളിർ കാറ്റാകും. മലനിരകളും പാറക്കൂട്ടങ്ങളും കൺകുളിർക്കെ ആസ്വദിക്കാം. മലങ്കര തടാകവും ഇതിനോടനുബന്ധിച്ചുള്ള ടൂറിസം ഹബ്ബും തൊടുപുഴ പട്ടണത്തിന്റ ചുറ്റ് പ്രദേശങ്ങളും ഇവിടെ നിന്നുള്ള വിദൂര കാഴ്ചയാണ്. ഇടവെട്ടി പഞ്ചായത്തിന്റെ വിസ്തൃതിയിലാണ് കൂടുതൽ പ്രദേശവും. 'എൽസമ്മ എന്ന ആൺ കുട്ടി' ഉൾപ്പെടെ നിരവധി സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും വിധം പവലിയനും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാൽ തൊടുപുഴയുടെ പ്രാന്ത പ്രദേശത്ത് തന്നെയുള്ള ശാസ്താംപാറയെ സഞ്ചാരികളുടെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റാൻ കഴിയും. ഐതീഹ്യങ്ങളുടെ കലവറയായ ഇവിടെയുള്ള അതിപുരാതനമായ അയ്യപ്പക്ഷേത്രം പ്രശസ്തമാണ്. ഈ ക്ഷേത്രത്തിന്റെ പെരുമയിലാണ് ഇവിടം ശാസ്താംപാറ എന്ന പേരിൽ അറിയപ്പെടാൻ കാരണമെന്ന് പ്രദേശത്തെ പഴമക്കാർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് വെള്ളവും വെളിച്ചവും യാത്രാ സൗകര്യങ്ങളും ഇല്ലാതിരുന്ന രോഗങ്ങളും പട്ടിണിയും പടർന്ന് പിടിക്കുന്ന കാലത്ത് ഇവിടുത്തുകാർക്ക് തുണ ശാസ്താവ് മാത്രം. അതിന്റ ഓർമ്മയിലാണ് പാറയ്ക്ക് ശാസ്താംപാറ എന്ന പേര് വരാൻ ഇടയായതെന്നാണ് ഐതീഹ്യം.