കട്ടപ്പന: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ സങ്കീർണമാക്കിയ പിണറായി സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾ ഉയർത്തി കേരള കോൺഗ്രസ് 31ന് കട്ടപ്പനയിൽ വമ്പിച്ച വർഷാന്ത്യ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ഇടുക്കി ജില്ലയുടെ മേൽ സർക്കാർ ചുമത്തിയിട്ടുള്ള ഗുരുതരമായ നിയന്ത്രണങ്ങൾ ജില്ലയിലെ ജനങ്ങൾക്ക് ജീവിതവുമായി മുന്നോട്ടു പോകാൻ കഴിയാത്ത ദുരവസ്ഥ സംജാതമാക്കിയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. നിർമ്മാണ നിരോധനം, ബഫർ സോൺ, കാർബൺ ഫണ്ട് ഉപയോഗിച്ച് പടിപടിയായ കുടിയിറക്ക്, ആസൂത്രിത വനവത്കരണം, ജനവാസ കേന്ദ്രങ്ങൾ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഗൂഢാലോചന എന്നിവ സംസ്ഥാന സർക്കാരിന്റെ വികലമായ നയങ്ങൾ മൂലം ഉടലെടുത്തിട്ടുള്ളതാണ്. ജില്ലയെ വനംവകുപ്പിന് തീറെഴുതാനുള്ള ഗൂഢാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. ജില്ലയുടെ ജൂബിലി വർഷത്തിൽ തന്നെ ഹൈറേഞ്ചിൽ നിന്നുള്ള ജനങ്ങളുടെ പാലായനം ഘട്ടംഘട്ടമായി പ്രാവർത്തികമാക്കുന്നതിനുള്ള ലക്ഷ്യമാണ് സർക്കാരിനുള്ളത്. ജില്ലയുടെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് നിരന്തരം ഉറപ്പു നൽകുന്ന സർക്കാർ പ്രശ്‌നങ്ങൾ ഒന്നു പോലും പരിഹരിക്കാൻ ശ്രമിക്കാത്തത് ഈ ഗൂഢാലോചനയുടെ ഭാഗമാണ്. 2022 വാഗ്ദാന ലംഘനങ്ങളുടെ വർഷമായിരുന്നു. ഒരു കിലോമീറ്റർ ബഫർ സോൺ എന്ന മന്ത്രിസഭ തീരുമാനം തിരുത്താൻ ഇനിയും സർക്കാർ തയ്യാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നതും സുപ്രീംകോടതിയിൽ കേസ് ദുർബലമാക്കുന്നതുമാണ്. ജനങ്ങളുടെ പ്രതീക്ഷ തകരുന്ന തരത്തിലാണ് സർക്കാർ നീക്കങ്ങൾ. ജനങ്ങളെ മാനസികമായി പീഡിപ്പിച്ച് ഹൈറേഞ്ചിൽ നിന്ന് നിർബന്ധ കുടിയിറക്കിനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. സർക്കാരിന്റെ ഗൂഢാലോചനയുടെ അവസാനത്തെ ഉദാഹരണമാണ് മലങ്കരയിലെ ഭൂമി വനം വകുപ്പിന് വിട്ടുകൊണ്ടുള്ള വിജ്ഞാപനം. ഈ പശ്ചാത്തലത്തിലാണ് വാഗ്ദാന ലംഘന വാർഷാന്ത്യ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ: എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.