പന്നിമറ്റം: തീപിടുത്തത്തിൽ പഞ്ചായത്ത് ജംഗ്ഷനിലുള്ള രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു. ശനിയാഴ്ച രാത്രി 9.30ന് പന്നിമറ്റം തുരുത്തിമറ്റം മൈക്കിളിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കത്തിനശിച്ചത്. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കുന്നുംപുറത്ത് അബിയുടെ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുന്ന കടയിലും തൊട്ടടുത്തുള്ള എയ്ഞ്ചർ റോസ് ബ്യൂട്ടി പാർലർ ആൻഡ് ടെയ്‌ലറിംഗ് സെന്ററിലുമാണ് തീപിടുത്തമുണ്ടായത്. രണ്ടു കടകളിലെയും സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കുന്നതിന് കാരണമായതെന്ന് കരുതുന്നു. സമീപത്തുള്ള മറ്റ് വ്യാപാര സ്ഥാപനത്തിലുള്ളവരാണ് ഇവിടെ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. നാട്ടുകാർ ഉടൻ തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ അഗ്നിശമനാ സേനയെ വിവരം അറിയിക്കുകയായിരുന്നു. മൂലമറ്റത്ത് നിന്ന് സേനയുടെ ഒരു യൂണിറ്റും തൊടുപുഴയിൽ നിന്നുള്ള രണ്ട് യൂണിറ്റും ചേർന്ന് മണിക്കൂറുകളോളം ശ്രമിച്ചാണ് തീയണച്ചത്. കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
വീട് കത്തി നശിച്ചു
തൊടുപുഴ: പട്ടയം കവലയിൽ വീട് കത്തി നശിച്ചു. ജോണി തുറയ്ക്കലിന്റെ വീടിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 6.35 ഓടെയാണ് തീ പിടുത്തമുണ്ടായത്. വീടിന്റെ അടുക്കളയ്ക്കാണ് തീ പിടിച്ചത്. വാതിൽ, ജനൽ, ഫ്രിഡ്ജ്, വയറിംഗ് സാമഗ്രികൾ എന്നിവ കത്തി നശിച്ചു. തൊടുപുഴ ഫയർ സ്റ്റേഷൻ ഓഫീസർ എം.എച്ച്. സലാമിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ടി.ഒ കെ.എ. ജാഫർഖാൻ, പി.എൻ. അനൂപ്, ടി.പി. ഷാജി, രഞ്ജി കൃഷ്ണൻ, മുബാറക്ക്, എം.എൻ. അയൂബ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. അര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.