കട്ടപ്പന: പഴയ ബസ് സ്റ്റാൻഡിനുള്ളിൽ നടന്ന സംഘർഷം പരിഹരിക്കാനെത്തിയ എസ്.ഐ തട്ടുകടയിൽ നിന്ന യുവാവിനെയും ബസ് കാത്തു നിന്നവരെയും മർദ്ദിച്ചതായി പരാതി. കട്ടപ്പന സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഡി. സുരേഷിനെതിരെയാണ് ആരോപണം. സംഭവത്തിൽ മർദ്ദനമേറ്റ ഇരട്ടയാർ സ്വദേശിയായ സെബിൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് രണ്ട് കാറുകളിലെത്തിയ യുവാക്കൾ ചേർന്ന് സുവർണ്ണഗിരി സ്വദേശിയായ 22 കാരനെ മർദ്ദിച്ചത്. ഈ സമയം ഇവിടെ പരാതിക്കാരനായ സെബിൻ അടക്കം അഞ്ചോളം പേർ നിൽക്കുന്നുണ്ടായിരുന്നു. സംഘർഷം രൂക്ഷമായതോടെ സെബിൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ ഡി. സുരേഷ് സംഘർഷമുണ്ടാക്കിയവരെ പിടികൂടാതെ ബസ് കാത്തു നിന്നവരെയടക്കം അസഭ്യം പറഞ്ഞ് ചൂരലുകൊണ്ട് മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. ഇവരല്ല പ്രശ്‌നമുണ്ടാക്കിയവരെന്നും സംഘർഷം നടക്കുന്ന വിവരം താനാണ് വിളിച്ച് അറിയിച്ചതെന്നും എസ്.ഐ യോട് വിവരിച്ചെങ്കിലും തന്നെയും മർദ്ദിച്ചെന്ന് സെബിൻ പറയുന്നു. ആരോട് ചോദിച്ചിട്ടാണ് പൊലീസ് സ്റ്റേഷനിലേയ്ക്ക് ഫോൺ ചെയ്തതെന്ന് അറപ്പുളവാക്കുന്ന അസഭ്യ പദപ്രയോഗത്തിലൂടെ എസ്.ഐ ചോദിച്ചതായും സെബിൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലുണ്ട്. മുമ്പ് കാഞ്ചിയാർ കൽത്തൊട്ടിയിൽ കുടുംബ വഴക്ക് പരിക്കാനെത്തിയപ്പോൾ മർദ്ദനമേറ്റയാളാണ് ആരോപണ വിധേയനായ എസ്.ഐ.

അഞ്ചംഗ സംഘം അറസ്റ്റിൽ

ബസ് സ്റ്റാൻഡിൽ യുവാവിനെ മർദിച്ച അഞ്ചംഗ സംഘത്തെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന കുന്തളംപാറ മഞ്ഞപ്പള്ളിയിൽ അമൽ മണിക്കുട്ടൻ (20), ഇടുക്കിക്കവല മുട്ടത്ത് തോമസ് സാബു (26), കല്ലുകുന്ന് വട്ടക്കാട്ടിൽ ജോ മാർട്ടിൻ ജോസ് (24), കുന്തളംപാറ ഇഞ്ചയിൽ സുദീപ് സാബു (24), വലിയകണ്ടം കുളത്തുങ്കൽ അരവിന്ദ് ഷാജി (24) എന്നിവരാണ് പിടിയിലായത്. മർദനമേറ്റ സുവർണഗിരി കീരിയാനിക്കൽ നിഖിൽ ബിജുവിന്റെ (20) പരാതിയിലാണ് അറസ്റ്റ്. തിങ്കളാഴ്ച പുലർച്ചെ 2.30ന് പഴയ ബസ് സ്റ്റാൻഡിൽ കാറിലെത്തിയ സംഘം യാത്രക്കാരുടെ മുമ്പിൽ നിഖിലിനെ മർദിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അക്രമി സംഘം മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.