തൊടുപുഴ: ഹൈറേഞ്ചിന്റെ കവാടമായ വണ്ണപ്പുറം പഞ്ചായത്തിന്റെയും ഹൈറേഞ്ചിലെ കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും അതിർത്തിയിലെ അതിമനോഹരമായ പ്രദേശമാണ് നാക്കയം. നാല് കയങ്ങൾ ചേരുന്നിടം,​ താഴെ സുന്ദൻ വെള്ളച്ചാട്ടം... സഞ്ചാരികളെ ആകർഷിക്കുന്ന ഘടകകങ്ങളെല്ലാമുണ്ടെങ്കിലും നല്ലൊരു റോഡ് ഇല്ലാത്തതിനാൽ ആരും ഇവിടേക്ക് വരാൻ കൂട്ടാക്കാറില്ല. ഓഫ് റോ‌ഡ് ഇഷ്ടപ്പെടുന്ന സഞ്ചാരികൾ ഏത് വിധേനയുമെത്തിയാൽ തന്നെ മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. കയത്തിലും വെള്ളച്ചാട്ടത്തിലും ഇറങ്ങുന്നത് അപകടമാണെന്ന് അറിയിക്കാനുള്ള ബോർഡും സംരക്ഷണ വേലിയും ഉൾപ്പെടെ നിർമ്മിക്കേണ്ടതുണ്ട്. വണ്ണപ്പുറം- ചേലച്ചുവട് റോഡിൽ ബ്ലാത്തിക്കവലയിലെ രണ്ട് റോഡുകളിലൂടെ ഇവിടെയെത്താം. ഒരെണ്ണം വണ്ണപ്പുറം പഞ്ചായത്തിലൂടെയും മറ്റൊന്ന് കഞ്ഞിക്കുഴിയിലൂടെയുമുള്ള റോഡാണ്. എന്നാൽ, രണ്ടും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഭൂരിഭാഗവും മൺപാതയാണ്. കല്ലും മണ്ണും വലിയ കുഴികളുമൊക്കെയായി. കാറും ഇരുചക്ര വാഹനങ്ങളും ഇതുവഴി പോകാൻ വളരെ ബുദ്ധിമുട്ടാണ്. ചില ബൈക്കുകളും ജീപ്പുകൾക്കും കഷ്ടപ്പെട്ട് അവിടെ വരെയെത്താം. പലരും കേട്ടറിഞ്ഞ് നാക്കയത്തിലേക്ക് കുടുംബ സമേതം വരുന്നുണ്ട്. എന്നാൽ, റോഡ് കാണുമ്പോൾ തിരിച്ചു പോകും. ഇടുക്കി, തൊടുപുഴ നിയോജക മണ്ഡലങ്ങളുടേയും അതിർത്തിയിലാണ് കയമുള്ളത്. ഇവിടെ സഞ്ചാരികൾ എത്തിയാൽ രണ്ട് പഞ്ചായത്തുകൾക്കും ഒരേ പോലെ ഗുണം ചെയ്യും. തൊഴിൽ, കച്ചവട സാധ്യതകൾ വർദ്ധിക്കും. കർഷക മേഖലയാണ് രണ്ട് പഞ്ചായത്തും. ഈ വിനോദ സഞ്ചാര കേന്ദ്രം ഉയർന്നു വന്നാൽ കർഷകരുടെ വിളകൾക്കുള്ള വിപണി സാധ്യത ഉയരും. കൂടാതെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് നിന്നാൽ അധിക വരുമാനവും ലഭിക്കും.

മന്ത്രി പറഞ്ഞിട്ടും നടപ്പായില്ല

രണ്ട് മണ്ഡലങ്ങളിലും പഞ്ചായത്തുകളിലുമായി കിടക്കുന്നതിനാലാണ് ഇവിടെ വികസനം എത്താത്തതെന്നാണ് ആക്ഷേപം. കഞ്ഞിക്കുഴി പഞ്ചായത്തിൽ കൂടി കടന്നുപോകുന്ന റോഡിന്റ കുറച്ചുഭാഗം ജില്ലാ പഞ്ചായത്ത് 12 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ബാക്കി ഭാഗം തരിപ്പണമായി കിടക്കുകയാണ്. ഈ റോഡ് നന്നാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല. വണ്ണപ്പുറത്ത് കൂടിയുള്ള റോഡിൽ ഒരു ഭാഗവും നല്ലതല്ല. ഈ ഭാഗം എം.എൽ.എ ഫണ്ടിൽ നിന്ന് പണിയാൻ എസ്റ്റിമേറ്റ് എടുത്തതായി പറയുന്നുണ്ടെങ്കിലും നടപടികളൊന്നുമായില്ല.