കുടയത്തൂർ: അറക്കുളം, കുടയത്തൂർ, മുട്ടം പഞ്ചായത്തുകളിലെ എം.വി.ഐ. പി സ്ഥലം വനം വകുപ്പിന് കൈമാറാനുള്ള വിജ്ഞാപനത്തിനെതിരെ കുടയത്തൂർ പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു.എം .വി .ഐ .പി പദ്ധതിക്ക് വേണ്ടി പൊന്നും വിലക്ക് ഏറ്റെടുത്ത സ്ഥലം മറ്റൊരു വകുപ്പിന് വിട്ടുകൊടുക്കാൻ എം വി ഐ പിക്ക് അവകാശം ഇല്ലെന്നും ഏറ്റെടുത്ത സ്ഥലം ആവശ്യമില്ലെങ്കിൽ മുൻ ഉടമസ്ഥർക്ക് തിരിച്ച് കൊടുക്കുകയാണ് വേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.പ്രദേശത്തെ പഞ്ചായത്തുകളിലെ ജനങ്ങളുടെ നിലനിൽപ്പിനെ തന്നെ ഗുരുതരമായി ബാധിക്കുന്ന തീരുമാനത്തിനെതിരെ ആവശ്യമെങ്കിൽ കോടതിയെ സമീപിക്കണം എന്ന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.പ്രശ്നം സംബന്ധിച്ച് മന്ത്രി,എം പി എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം ചേരാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു.കുടയത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടോമി കാവാലം,പഞ്ചായത്ത്‌ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ.കെ.എൻ.ഷിയാസ്,പുഷ്പ വിജയൻ, മെമ്പർമാരായ എൻ.ജെ.ജോസഫ്, സുജ ചന്ദ്രശേഖരൻ,ലത ജോസ്,ബിന്ദു സിബി,ഷീബ ചന്ദ്രശേഖരപിള്ള, നെസിയ ഫൈസൽ, വിവിധ കക്ഷി നേതാക്കളായ സി.വി.സുനിൽ,വി.സി. ബൈജു,വി.എൻ.കരുണൻ പിള്ള, ഫ്രാൻസിസ് കരിമ്പാനി, പി. എം. തോമസ്,യൂസുഫ് കളപ്പുര,സോമൻ എസ്.നായർ എന്നിവർ സംസാരിച്ചു.