അടിമാലി : അടിമാലിയിൽ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന് തറക്കല്ലിട്ടിട്ട് ഒരു പതിറ്റാണ്ട്, പക്ഷെ ഇവിടെനിന്ന് ബസ് സർവ്വീസ് ഇനിയുമായില്ല, സ്ഥലവും കെട്ടിടവും പഞ്ചായത്തിന്റെ അധകനതയിലുമായി. ഏറെ നാളത്തെ മുറവിളിക്ക് ശേഷമായിരുന്നു കെ.എസ്.ആർ.ടി.സി ബസ് സ്റ്റന്റിന് വേണ്ടി ഇപ്പോൾ പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്നത്തെ ഗതാഗത മന്ത്രി തറക്കല്ലിട്ടത്. പണി പൂർത്തീകരിക്കപ്പെട്ടപ്പോൾ ഉദ്ഘാടനം നടത്താൻ കാലതാമസമുണ്ടായി. ഈ സമയത്താണ് താൽക്കാലികമായി പഞ്ചായത്ത് ഓഫീസ് ഇവിടേക്ക് മാറ്റി സ്ഥാപിച്ചത്. പണി പൂർത്തീകരിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടം വെറുതെ ഇട്ടു കൊണ്ടാണ് ഇത്രയും വലിയ കെട്ടിടവും ബസ്സുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലവും കൈവശം വച്ചിരിക്കുന്നത്. . പിന്നീട് മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതികൾ ഇക്കാര്യം വിസ്മരിച്ചു. ഇതോടെയാണ് അനുവദിക്കപ്പെട്ട ഓപ്പറേറ്റിങ് സെന്റർ അടിമാലിക്ക് നഷ്ടമായത്.
അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ആണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ബസുകളും പാർക്കു ചെയ്യുന്നത്. ഇതുവഴി കടന്നു പോകുന്ന പ്രൈവറ്റ് ബസുകൾക്കു പോലും പാർക്കിങ്ങിനുള്ള സൗകര്യം ഇവിടെയില്ല. അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിക്കുന്ന ഇവിടെ അഞ്ചിൽ താഴെ ബസുകൾക്ക് മാത്രം പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റുന്നതിനുള്ള സൗകര്യം മാത്രമാണ് കെ.എസ്.ആർ.ടി.സിക്കു നൽകിയിട്ടുള്ളത്.സ്റ്റാൻഡിൽ പാർക്കിങ്ങിന് സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ ഇന്റർ സ്റ്റേറ്റ് സർവീസുകൾ ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യാതെ കയറി ഇറങ്ങി പോകുന്നത് പലപ്പോഴും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഏറെ വരുത്താറുണ്ട്.

പാർക്കിങ്ങിന്

സമയംപോര

അടുത്ത നാളിൽ മൂന്നാറിലേക്ക് എത്തുന്നതും അവിടെ നിന്ന് സർവീസുകൾ ആരംഭിക്കുന്നതുമായ ബസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.മൂന്നാറിൽ നിന്ന് അടിമാലിയിൽ എത്തുന്ന വാഹനങ്ങൾക്ക് സ്റ്റാൻഡിൽ വേണ്ടത്ര സമയം പാർക്കുചെയ്യാൻ കഴിയാതെ വരുന്നത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ദുരിതമാകുകയാണ്. അടിമാലിയിൽ ഓപ്പറേറ്റിങ് സെന്റർ അനുവദിച്ചാൽ രാജാക്കാട്, ബോഡിമെട്ട്, ശാന്തൻപാറ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, കഞ്ഞിക്കുഴി, കൊന്നത്തടി, ബൈസൺവാലി, മാങ്കുളം മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഉണ്ടാകുകയും ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കുകയും ടൗണിലെ ഗതാഗതകുരുക്കിന് ആശ്വാസമാവുകയുംെചയ്യും.