മുട്ടം: കാടും വള്ളിപ്പടർപ്പും പാഴ് മരങ്ങളുടെ ശിഖരങ്ങളും വെട്ടി മാറ്റി വഴിയോരങ്ങൾ വൃത്തിയാക്കാൻ എൻ എസ് എസ് വാളന്റിയർമാരും പൊലീസും കൈകോർത്ത് പദ്ധതി ആവിഷ്ക്കരിക്കുന്നു.മുട്ടം ഐ എച്ച് ആർ ഡി കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികളും തൊടുപുഴ പൊലീസും ചേർന്ന് മുട്ടം - തൊടുപുഴ റൂട്ടിലാണ് പദ്ധതി നടപ്പിലാക്കുന്നത്.മുട്ടം വഴി തൊടുപുഴ, മൂലമറ്റം,ഹൈറേഞ്ച്,ഈരാറ്റുപേട്ട, പാലാ മേഖലകളിലേക്ക് നിത്യവും അനേകം വാഹനങ്ങളാണ് കടന്ന് പോകുന്നത്.ശബരി മല സീസൺ ആരംഭിച്ചതോടെ വിദൂര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ രാവും പകലും വ്യത്യാസം ഇല്ലാതെ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നതും ഈ റൂട്ടുകളെയാണ്.എന്നാൽ ഈ റൂട്ടുകളിൽ റോഡിലെ കാഴ്ച്ചകൾ മറക്കുന്ന രീതിയിലും സീബ്രാ ലൈനിലേക്ക് ഇറങ്ങിയും അപകടകരമായിട്ടാണ് കാടും വള്ളിപ്പടർപ്പും പാഴ് മരങ്ങളും വളർന്നിരിക്കുന്നത്.ഇതേ തുടർന്നാണ് എൻ.എസ്. എസ് വിദ്യാർത്ഥികളും പൊലീസും ചേർന്ന് വഴിയോരങ്ങൾ വൃത്തിയാക്കൽ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.റോഡ് വൃത്തിയാക്കൽ പദ്ധതിയുട ഉദ്ഘാടനം ഇന്ന് രാവിലെ 9.15 ന് മലങ്കര ഹില്ലി അക്വാ പ്ലാന്റിന് സമീപം തൊടുപുഴ ഡിവൈ.എസ് .പി എം .ആർ മധുബാബു ഉദ്ഘാടനം ചെയ്യും.മുട്ടം ഐ.എച്ച്.ആർ .ഡി കോളേജ് പ്രിൻസിപ്പൽ സിനി .കെ. സുലൈമാൻ, എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ഫൈസൽ പി.ഖാൻ എന്നിവർ സംസാരിക്കും.