
പിടിയിലായവരിൽ രണ്ട്പേർ ഇടുക്കി സ്വദേശികൾ
ചിറ്റില്ലഞ്ചേരി: വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിപണി വില വരുന്ന ലഹരി പദാർത്ഥങ്ങൾ എക്‌സ്‌സൈസിന്റെ നേതൃത്വത്തിൽ പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റു ചെയ്തു. കിഴക്കഞ്ചേരി വക്കാല സ്വദേശി സുദേവൻ (41), ഇടുക്കി സ്വദേശികളായ രഞ്ജിത്ത് (27), മനോജ് (30) എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയിൽ 316 ചാക്കിലും 32 പെട്ടികളിലുമായി സൂക്ഷിച്ച ഹാൻസ്, കൂൾലിപ്പ് എന്നിവയാണ് പിടിച്ചെടുത്തത്. കൊണ്ടുവന്ന ലോറിയും കസ്റ്റഡിയിലെടുത്തു.പാലക്കാട് എക്‌സ്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലത്തൂർ, കൊല്ലങ്കോട് പാലക്കാട് എന്നിവിടങ്ങളിലെ എക്‌സസൈ് പ്രത്യേക പരിശോധനാ ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെളുത്തുള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി പദാർത്ഥങ്ങൾ എത്തിക്കുന്നത്.
തിങ്കളാഴ്ച്ച അദ്ധരാത്രി തുടങ്ങിയ പരിശോധന ചൊവ്വാഴ്ച്ച രാവിലെ ഏഴിനാണ് അവസാനിച്ചത്. ആലത്തൂർ എക്‌സൈസ് ഇൻസ്‌പെക്ടർ ജയപ്രസാദ്, പ്രിവന്റീവ് ഓഫീസർമാരായ പി.എസ് .സുമേഷ്, ശ്രീകുമാർ, മനോഹരൻ, അരവിന്ദാക്ഷൻ, രതീഷ്, രഞ്ജിത്ത് ചെന്തമര, വിനു കുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.