തൊടുപുഴ: ഇടുക്കി രണ്ടാം ജലവൈദ്യുത പദ്ധതിയുടെ സർവേയുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ അനുമതിയ്ക്കായി പരിവേഷ് പോർട്ടലിൽ അപേക്ഷ നൽകാൻ തീരുമാനം. 800 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിക്ക് ആവശ്യമായ 12 ഹെക്ടർ വനഭൂമി 1980ന് മുമ്പ് നിലവിലെ ഇടുക്കി പദ്ധതിക്ക് കൈമാറിയ വനഭൂമിയിൽ ഉൾപ്പെടുന്നതാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ടം പാരിസ്ഥിതിക അനുമതി നേടിയ പദ്ധതിക്ക് കേന്ദ്ര വൈദ്യുതി അതോറിട്ടിയുടെയും ജല കമ്മിഷന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും നിബന്ധനകൾ നിറവേറ്റുന്നതിന് വനം വകുപ്പിന്റെ അനുമതിയ്ക്കായി പരിവേഷ് പോർട്ടലിൽ അപേക്ഷിക്കാൻ വൈദ്യുതി ബോർഡിന് സർക്കാർ നിർദ്ദേശം നൽകി. എന്നാൽ ബോർഹോളുകൾ നിർമ്മിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അതിന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ ബംഗ്ലൂരുവിലുള്ള മേഖലാ കാര്യാലയത്തിൽ നിന്നുള്ള അനുമതി ആവശ്യമാണ്. ബോർഹോൾ അടിക്കാനുള്ള അനുമതിക്കായുള്ള വൈദ്യുതി ബോർഡിന്റെ അപേക്ഷ സാങ്കേതിക തകരാർ മൂലം വനംവകുപ്പ് കഴിഞ്ഞ ദിവസം മടക്കിയിരുന്നു. പദ്ധതിയുടെ ടണൽ അലൈൻമെന്റിൽ പാറ നിർണയിക്കാൻ ബോർഹോളിനായി നടപടിക്രമം തെറ്റിച്ച് നൽകിയ അപേക്ഷയാണ് മടക്കിയത്. ഫോറസ്റ്റ് എൻവയോൺമെന്റൽ മാനേജ്‌മെന്റ് യൂണിറ്റ് (ഫെമു) മുഖാന്തിരം സമർപ്പിക്കേണ്ട അപേക്ഷ കോതമംഗലം ഡി.എഫ്.ഒയ്ക്ക് നേരിട്ട് സമർപ്പിച്ചതാണ് വിനയായത്. പ്രൊജക്ടിനായി ഏറ്റെടുക്കേണ്ട 127 ഹെക്ടർ ഭൂമിയിൽ 111 ഹെക്ടറും (87.4 ശതമാനം) വനഭൂമിയാണ്. മുൻകാലങ്ങളിൽ ടണൽ കടന്നുപോകുന്ന ഭൂമി ഏറ്റെടുക്കൽ നിർബന്ധമുണ്ടായിരുന്നില്ല. എന്നാൽ പുതിയ വ്യവസ്ഥ പ്രകാരം ഈ ഭൂമികൂടി ഏറ്റെടുത്തെങ്കിൽ മാത്രമെ പദ്ധതിക്ക് അനുമതി ലഭ്യമാകൂ. ഇവിടെയാണ് വനം ക്ലിയറൻസ് പ്രധാന കടമ്പയാകുന്നത്. ബഫർ സോൺ പ്രശ്‌നങ്ങളും വിലങ്ങുതടിയാകുമോ എന്ന് വൈദ്യുതി ബോർഡിന് ആശങ്കയുണ്ട്.
പദ്ധതി യാഥാർത്ഥ്യമായാൽ ഉത്പാദനം ഇരട്ടി
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസിനാണ് (വാട്ടർ ആന്റ് പവർ കൺസൾട്ടൻസി സർവീസസ്) നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എട്ടരക്കോടി രൂപക്ക് കരാർ നൽകിയിരിക്കുന്നത്. 200 മെഗാവാട്ട് വീതം ശേഷിയുള്ള 4 ജനറേറ്ററുകൾ സ്ഥാപിച്ച് 800 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനാണ് ഇടുക്കി രണ്ടാം ജലവൈദ്യുത പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ആകെ വൈദ്യുതിയുടെ 50 ശതമാനത്തിലധികവും നിലവിൽ ഇടുക്കിയാണ് നൽകുന്നത്. പുതിയ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ അത് ഇരട്ടിയാകും. 2669.67 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക.