നെടുങ്കണ്ടം: അഴിമതി ആരോപണത്തെത്തുടർന്ന് ഇടുക്കി ജില്ലാ ഡീലേഴ്‌സ് സഹകരണ സംഘം ഭരണ സമിതിയെ സസ്‌പെന്റ് ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. നെടുങ്കണ്ടം കേന്ദ്രമായ സംഘം, വായ്പ തട്ടിപ്പ് നടത്തിയെന്ന അഞ്ച് പേരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അന്തിമ തീരുമാനം ഉണ്ടാകും. കോൺഗ്രസ് ഭരിക്കുന്ന സംഘത്തിൽ വർഷങ്ങളായി ക്രമക്കേടുകളും സാമ്പത്തിക തിരിമറികളും നടക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. സംഘം ഭൂമി വാങ്ങിയതിലും കെട്ടിടം നിർമ്മിച്ചതിലും സഹകരണ നിയമം പാലിച്ചില്ല, നിയമനങ്ങളുടെ പേരിൽ വൻതുക കൈക്കലാക്കാൻ ശ്രമിച്ചു, വ്യാജ രേഖ ചമച്ച് സ്വകാര്യ വ്യക്തികളുടെ പേരിൽ, വായ്പ എടുത്തു തുടങ്ങിയ പരാതികളും സംഘത്തിനെതിരെ ഉണ്ട്. വായ്പ എടുക്കാത്തവർക്ക് കുടിശ്ശിക നോട്ടീസ് നൽകിയതിനെ തുടർന്ന് സഹകരണ മന്ത്രിക്കും ജില്ല സഹകരണ സംഘം രജിസ്ട്രാർക്കും ലഭിച്ച പരാതിയിലും അന്വേഷണം തുടരുകയാണ്.