മൂന്നാർ: മാട്ടുപ്പെട്ടി കുണ്ടളയിൽ നാല് ദിവസത്തിനിടെ മൂന്ന് കുട്ടിയാനകൾ ചെരിഞ്ഞു. ഒരെണ്ണത്തിന്റെ മരണ കാരണം ഹെർപീസ് രോഗ ബാധയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബാക്കിയുള്ളവയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാനാകൂവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കുണ്ടളയിലെ കെ.ഡി.എച്ച്.പി പ്ലാന്റേഷൻ വക സ്ഥലത്താണ് കാട്ടാനകൾ ചെരിയുന്നത്. യൂക്കാലി പ്ലാന്റേഷൻ മേഖലയാണിവിടം. കഴിഞ്ഞ ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് കുട്ടിയാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അവസാനം ചെരിഞ്ഞയാനയെ പുഴയിലാണ് കണ്ടെത്തിയത്. കുണ്ടള ഈസ്റ്റ് ഡിവിഷനിലെ ആശുപത്രിക്ക് സമീപമുള്ള വനത്തിലാണ് ഒരു വയസ് പ്രായമുള്ള കുട്ടിയാനയുടെ ജഡം ശനിയാഴ്ച വനംവകുപ്പ് വാച്ചർമാർ കണ്ടെത്തിയത്. ആന കൂട്ടത്തെ നിരീക്ഷിക്കാനായി നിയമിച്ച പ്രത്യേക സംഘത്തിൽ പെട്ട വാച്ചർമാർ, കുട്ടിയാനയെ കൂട്ടത്തിൽ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കാട്ടാനക്കൂട്ടം സമീപത്തു നിൽക്കുന്നതിനാൽ വനപാലകർക്ക് ജഡത്തിനു സമീപമെത്താൻ കഴിഞ്ഞില്ല. ആനകൾ മാറിയ ശേഷമേ പോസ്റ്റുമോർട്ടമുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കഴിയൂവെന്ന് ദേവികുളം റേഞ്ചോഫീസർ പി.വി. വെജി പറഞ്ഞു. ബുധൻ, വെള്ളി ദിവസങ്ങളിൽ കുണ്ടള ഈസ്റ്റ്, ആശുപത്രിക്ക് സമീപമുള്ള വനം എന്നിവടങ്ങളിലായാണ് രണ്ടു വയസ് വീതം പ്രായമുള്ള രണ്ട് കുട്ടികൊമ്പൻമാരെ ചത്ത നിലയിൽ കണ്ടെത്തിയത്.
ഹെർപീസ് വൈറസ് രോഗം
കുട്ടിയാനകൾ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെർപീസ്. രോഗം കൂടുതൽ ആനകളിലേക്ക് പടർന്നാൽ മരണ നിരക്ക് ഇനിയും കൂടിയേക്കും. എന്നാൽ കൂടുതൽ കുട്ടിയാനകൾക്ക് രോഗം പകരാൻ സാധ്യത ഇല്ലെന്ന് വനം വകുപ്പ് നിരീക്ഷണം.
'മൂന്നാർ പോലൊരു ചെറിയ പ്രദേശത്ത് മൂന്ന് ആനകൾ ചെരിഞ്ഞത് ഗൗരവതരമായ വിഷയമാണ്. വനംവകുപ്പ് ഈ വിഷയം പഠിച്ച് ഹെർപീസ് രോഗം പടരുന്നതിനുള്ള മൂലം കാരണം കണ്ടെത്തണം. അതിന് പരിഹാരമുണ്ടാക്കണം"
- എം.എൻ. ജയചന്ദ്രൻ (പരിസ്ഥിതി പ്രവർത്തകൻ)