തൊടുപുഴ: വന്യമൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകുക, നാണ്യവിളകളുടെ വിലയിടിവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം ജനുവരി 13 മുതൽ 23 വരെ പദയാത്ര നടത്തുമെ് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഫർ സോൺ വിഷയത്തിൽ സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. 2013ൽ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് മാത്രമേ ബഫർസോൺ സാദ്ധ്യമാകൂ എന്ന യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിന്മേൽ കേന്ദ്ര വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ട റിപ്പോർട്ടുകൾ നൽകാതിരുന്നത് സംസ്ഥാന സർക്കാരിന്റെയും പാർലമെന്റ് അംഗമായിരുന്ന ജോയ്‌സ് ജോർജിന്റെയും ആത്മാർത്ഥതയില്ലായ്മയുടെ തെളിവാണ്. അന്ന് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിൽ ബഫർ സോൺ വിഷയം കേരളത്തിൽ ശാശ്വതമായി പരിഹരിക്കപ്പെടുമായിരുന്നു. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ സംരക്ഷിത വനത്തിനും ഉദ്യാനങ്ങൾക്കും ചുറ്റും ബഫർ സോൺ ആക്കുന്നതിനും 2019 ഒക്ടോബർ 23ന് സർക്കാരെടുത്ത തീരുമാനമാണ് ഇപ്പോളുണ്ടായിരിക്കുന്ന തിരിച്ചടിയ്ക്ക് കാരണംജൂൺ മൂന്നിന് സുപ്രീം കോടതി മൂന്ന് മാസത്തിനകം ഒരു കിലോമീറ്റർ ബഫർ സോണിലെ കെട്ടിടങ്ങളുടെയും മറ്റ് അനുബന്ധ കാര്യങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഇക്കാര്യത്തിൽ വീഴ്ച വരുത്തി മാപ്പ് വിവാദവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. സർക്കാർ കോടതിയിൽ സമർപ്പിക്കുന്ന രേഖ ഏതാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. പുതിയ സംരംഭങ്ങളൊന്നും ജില്ലയിൽ ആരംഭിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഭൂനിയമം അടിയന്തിരമായി ഭേദഗതി ചെയ്യണം. ജനുവരി 13ന് കുമളിയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര 23ന് അടിമാലിയിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, എം.എസ്. മുഹമ്മദ്, കെ.കെ. കുര്യൻ, എം.കെ.പുരുഷോത്തമൻ, എൻ.ഐ.ബെന്നി, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോയി ജേക്കബ് എന്നിവർ പങ്കെടുത്തു.