k

രാജകുമാരി:എം.എം. മണി എം.എൽ.എയുടെ വാഹനം തടഞ്ഞ് നിറുത്തി അസഭ്യം വിളിച്ചതായി പരാതി. ഇന്നലെ രാവിലെ എം.എൽ.എ കുഞ്ചിത്തണ്ണിയിൽ നിന്ന് രാജാക്കാട് ഭാഗത്തേക്ക് വരുന്ന വഴി മുല്ലക്കാനത്ത് വച്ചാണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടേൽ അരുൺ എം.എൽ.എയെയും വാഹനത്തിലുണ്ടായിരുന്നവരെയും അസഭ്യം പറഞ്ഞെന്നാണ് പരാതി. എം.എൽ.എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്ന് പോയതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു. എം.എം. മണിയെ കൂടാതെ ഡ്രൈവറും ഗൺമാനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഗൺമാന്റെ പരാതിയിൽ രാജാക്കാട് പൊലീസ് കേസെടുത്തു. അരുണിനോട് സ്റ്റേഷനിൽ എത്തണമെന്ന് രാജാക്കാട് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം എം.എൽ.എയും ഡ്രൈവറും ചേർന്ന് തന്നെ മർദ്ദിച്ചെന്ന് ആരോപിച്ച് അരുൺ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.