ancy

തൊടുപുഴ : ദേശീയ നേതാക്കൻമാരായ അടൽ ബിഹാരി വാജ്‌പേയ്,മദൻ മോഹൻ മാളവ്യ എന്നിവരെ അനുസ്മരിക്കുന്ന ചടങ്ങിൽ തൊടുപുഴ സ്വദേശിനി ആൻസി ജോസഫിന് പാർലമെന്റിലെ സെൻട്രൽ ഹാളിൽ സംസാരിക്കാൻ അവസരം ലഭിച്ചു. നെഹ്രു യുവ കേന്ദ്രയുടെയും യൂത്ത് വെൽഫെയർ അസോസിയേഷന്റെയും നേതൃത്വത്തിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനിയാണ് ആൻസി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരോ വിദ്യാർത്ഥികൾ വീതം പങ്കെടുത്ത ചടങ്ങിൽ പ്രസംഗിക്കാൻ അവസരം ലഭിക്കുന്നത് എട്ട് വിദ്യാർത്ഥികൾക്കായിരുന്നു. ഇതിൽ രണ്ടാമതായി അവസരം ലഭിച്ചത് ആൻസി ജോസഫിനാണ്.പാർലമെന്റ് സെന്റർ ഹാളിൽ ചേർന്ന യോഗത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷനുമായ മദൻ മോഹൻ മാളവ്യയെപ്പറ്റിയാണ് ആൻസി പ്രസംഗിച്ചത്. ലോക് സഭാ സ്പീക്കർ ഓം ബിർള അദ്ധ്യക്ഷനായ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി , വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവരും പങ്കെടുത്തു.തൊടുപുഴ കാർഷിക വികസന ബാങ്ക് ജീവനക്കാരനായ ആനച്ചാലിൽ ജോസഫ് വർക്കി, സീത എം. സ്‌കറിയ ദമ്പതികളുടെ മകളായ ആൻസി മൂലമറ്റം സെന്റ് ജോസഫ് കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.