
പീരുമേട്: കാർബൺ രഹിത കൃഷിയിടം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അനെർട്ട് കൃഷിയിടങ്ങളിൽ സൗരോർജനിലയം സ്ഥാപിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ പി.എം. കുസും യോജന മുഖേനയാണ് അനെർട്ട് നടപ്പാക്കുന്നത്. പദ്ധതി പ്രകാരം കൃഷിയിടങ്ങളിലെ മോട്ടോർ പ്രവർത്തിക്കാൻ സൗരോർജ വൈദ്യുതി ലഭ്യമാക്കും. നിലവിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകളും ഡീസലിൽ പ്രവർത്തിക്കുന്ന പമ്പുകളും (ഒരു എച്ച്.പി. മുതൽ 7.5 എച്ച്.പി.വരെ) ഈ പദ്ധതി പ്രകാരം സൗരോർജ കണക്ഷനിലേക്ക് മാറ്റാൻ സാധിക്കും എന്നതാണ് കർർഷകർക്ക് ഏറെ ഗുണം ചെയ്യുന്നത്.
ജില്ലയിലെ പി.എം. കുസും പദ്ധതിയുടെ ആദ്യ ഗുണഭോക്താവ് പീരുമേട് റാണിമുടി വാർഡിലെ കർഷകൻ അമ്മൻചേരിൽ മാത്യു കൃഷിയിടത്തിൽ അനെർട്ട് ജില്ലാ ഓഫീസ് മുഖേന സ്ഥാപിച്ച സൗരോർജ നിലയം പ്രവർത്തന സജ്ജമായിട്ടുണ്ട്.
പദ്ധതി പ്രകാരം സ്ഥാപിക്കുന്ന സൗരോർജ നിലയത്തിന് 60 ശതമാനം സബ്‌സിഡി ലഭിക്കും. ഇതിൽ 30 ശതമാനം കേന്ദ്ര സബ്‌സിഡിയും 30 ശതമാനം സംസ്ഥാന സബ്‌സിഡിയുമാണ്. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന വൈദ്യുതിയിൽ കർഷകന്റെ ഉപയോഗത്തിന് ശേഷമുള്ള വൈദ്യുതി കെ. എസ്. ഇ. ബി. ക്ക് വിൽക്കാനും സാധിക്കും ഇതുവഴി വർഷത്തിൽ ഒരു നിശ്ചിത വരുമാനവും കർഷകന് ലഭിക്കും.