
കുമളി: മണ്ഡലകാലത്ത് കുമളി ഡിപ്പോയിൽനിന്ന് കെ. എസ്. ആർ. ടി. സി നടത്തിയ ശബരിമല സ്പെഷ്യൽ സർവ്വീസുകൾ റിക്കാർഡ് കളക്ഷൻ നേടി.നവംബർ 15 മുതൽ ഡിസംബർ 28 വരെ സ്‌പെഷ്യൽ സർവീസിൽ നിന്നുള്ള വരുമാനം 8188973 രൂപയാണ്. 10 ബസുകളാണ് വിവിധ ഡിപ്പോകളിൽ നിന്നായി കുമളി യൂണിറ്റിലേക്ക് അനുവദിച്ചിരുന്നത്. ഇവിടെ നിന്ന് 47518 തീർത്ഥാടകരാണ് യാത്ര ചെയ്തത്. 10 ബസുകൾ 840 ട്രിപ്പുകളാണ് 24 മണിക്കൂറും കുമളി പഞ്ചായത്ത് ബസ്റ്റാൻഡിൽ നിന്നും ക്രമീകരിച്ചത്.മലയാളം, തമിഴ് ,തെലുങ്ക് , കന്നഡ, ഇംഗ്ലീഷ് , തുടങ്ങിയ ഭാഷകളിൽ അനൗൺസ്‌മെന്റും നടത്തി അന്യസംസ്ഥാന തീർത്ഥാടകരെ ആകർഷിക്കാനും കഴിഞ്ഞു.തമിഴ് നാട്ടിലെ സമീപ ക്ഷേത്രങ്ങളിൽ നിന്നും. കമ്പം, ഗൂഡല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അയ്യപ്പഭക്തർക്കായി പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിരുന്നു.
65 ബസുകൾ പുല്ല് മേടിലേക്ക്
സർവ്വീസ് നടത്തും
ശബരിമലദർശനം കഴിഞ്ഞ് പുല്ല്‌മേട്ടിൽ എത്തുന്ന അയ്യപ്പഭക്തർക്കായി കുമളി ഡിപ്പോയിൽ നിന്നും പുല്ല് മേട്ടിലേക്ക് ജനുവരി 14 ന് 65 ബസുകൾ സർവ്വീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പുല്ല്മേട്ടിൽ നിന്നും തീർത്ഥാടകരുടെ എണ്ണത്തിനനിസരിച്ച് ബസുകൾ ക്രമീകരിക്കും. തമിഴ്‌നാട് , ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും മകര ജ്യോതി ദർശനം കഴിഞ്ഞ് മടക്കയാത്ര പുല്ലുമേട് വഴിയാണ്. പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് പുല്ല്‌മേട് വഴി എത്തുന്നത് ഇവർക്ക് വേണ്ട ക്രമീകരണങ്ങൾ കെ.എസ്.ആർ.റ്റി.സി. ഒരുക്കി കഴിഞ്ഞു. സത്രം പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തിനു പോകുന്നവർക്കായി വണ്ടിപ്പെരിയാർ സത്രം സ്‌പെഷ്യൽ സർവിസും നിലവിലുള്ള സർവീസിന് അധിക ട്രിപ്പും എർപ്പെടുത്തിയതായി അസി. ട്രാൻസ്‌പോർട്ട് ഓഫീസർ എസ്.രമേശ് പറഞ്ഞു.