ഇടുക്കി: ക്രിസ്മസിന് പിന്നാലെ പുതുവർഷവും അടിച്ചുപൊളിക്കാൻ ജനം തീരുമാനിച്ചതോടെ ഇടുക്കിയിലെ റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം നിരവധി സഞ്ചാരികളാണ് അവധിക്കാലം ആഘോഷിക്കാൻ മുൻകൂർ ബുക്കിംഗ് നടത്തിയിരിക്കുന്നത്. മൂന്നാർ, വാഗമൺ, തേക്കടി എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് ഒഴിവുള്ളത്. ഇതോടെ അവസാന നിമിഷം മുറി തേടി എത്തുന്നവർക്ക് മനസിനിണങ്ങിയത് കിട്ടാനില്ലാത്ത അവസ്ഥയാണ്. കൊവിഡ് ഭീതി പൂർണമായും ഒഴിഞ്ഞതിന് ശേഷം വരുന്ന ആഘോഷമായതിനാൽ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണുള്ളത്. ഇതോടെ അടിമാലി- മൂന്നാർ റോഡ്, കുമളി- തേക്കടി റോഡ്, കോട്ടയം- വാഗമൺ റോഡ് എന്നിവിടങ്ങളിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടുക്കി അണക്കെട്ടും മൂന്നാറും തേക്കടിയുമടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി പ്രതിസന്ധിയിലായ തേക്കടി ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുന്നതാണ് സഞ്ചാരികളുടെ തിരക്ക്. മലയാളികൾക്ക് പുറമേ തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരും മഞ്ഞും തണുപ്പും ആസ്വദിക്കാൻ എത്തിയിട്ടുണ്ട്.


നിരക്ക് കുത്തനെ

ഉയർന്നു

ഡിമാൻഡ് വർദ്ധിച്ചതോടെ റിസോർട്ടുകളിലും ഹോട്ടലുകളിലും നിരക്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന നിരക്കിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപയുടെ വരെ വർദ്ധനവാണ് പല റിസോർട്ടുകാരും വരുത്തിയിരിക്കുന്നത്. 5000 രൂപ നിരക്ക് പറഞ്ഞ അതേ റിസോർട്ടിൽ ഇപ്പോൾ റൂം നിരക്ക് 7000ത്തിന് മുകളിലാണ്. ഒരു പകലും രാത്രിയും ചിലവഴിക്കുന്നതിന് ആയിരം മുതൽ മുപ്പതിനായിരം രൂപ വരെ ഈടാക്കുന്ന റിസോർട്ടുകൾ ജില്ലയിലുണ്ട്. ഒരു രാത്രിയും പിറ്റേ ദിവസത്തെ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജിന് ചുരുങ്ങിയത് 10,000 രൂപ നൽകണം. സ്വിമ്മിംഗ് പൂൾ സൗകര്യം ഉൾപ്പെടുമ്പോൾ ചാർജ് 13,000 കടക്കും. നല്ല വ്യൂ ലഭിക്കുന്ന മുറി, പൂൾ, യോഗ എന്നിവ ചേരുമ്പോൾ നിരക്ക് 30,000 എത്തും.

മൂന്നാർ നിറഞ്ഞു

കവിഞ്ഞു

അടുത്ത മൂന്നാം തീയതി വരെ മൂന്നാർ,​ വട്ടവട,​ കാന്തല്ലൂർ,​ മറയൂർ എന്നിവിടങ്ങളിലൊന്നും ഒരു റൂം പോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ 22 മുതൽ ഇതാണ് അവസ്ഥ. ശൈത്യകാലം ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ മൂന്നാറിലേക്ക് എത്തിയതാണ് കാരണം. കാർമേഘമുണ്ടെങ്കിലും മഴയില്ല,​ നല്ല തണുപ്പും അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുകയും ശൈത്യമേറുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഏഴ് മുതൽ തമിഴ്നാട്ടിൽ പൊങ്കലിന്റെ അവധി ആരംഭിക്കുന്നതിനാൽ അടുത്ത ആഴ്ചയും തിരക്ക് തുടരുമെന്നാണ് സൂചന.

ഇരവികുളത്ത്

ടിക്കറ്റ് തീരുന്നു

ഇരവികുളം ദേശീയോദ്യാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി മുഴുവൻ ടിക്കറ്റും വിറ്റുപോവുകയാണ്. സാധാരണ 2850 പേരെയാണ് പാർക്കിൽ അനുവദിക്കുക. എന്നാൽ 22 മുതൽ മൂവായിരത്തിന് മുകളിലാണ് സഞ്ചാരികളുടെ എണ്ണം. ഇന്നലെ 3556 ടിക്കറ്റാണ് വിറ്റ് പോയത്. സാധാരണ വൈകിട്ട് 4.30നാണ് ടിക്കറ്റ് കൗണ്ടർ ക്ലോസ് ചെയ്യുന്നതെങ്കിൽ ഇപ്പോൾ 3.30ന് തന്നെ ക്ലോസ് ചെയ്യേണ്ട സ്ഥിതിയാണ്. 30 ശതമാനം ടിക്കറ്റ് ഓൺലൈൻ വഴിയും ബുക്ക് ചെയ്യുന്നുണ്ട്.