തൊടുപുഴ: അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മയക്കുമരുന്നിനുമെതിരെ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നയിക്കുന്ന 'ജനചേതന യാത്ര'യ്ക്ക് ഇന്ന് തൊടുപുഴയിൽ സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് 2.30ന് മുനിസിപ്പൽ ഓഫീസ് പരിസരത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് മുനിസിപ്പൽ മൈതാനിയിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം അഡ്വ. സി.കെ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായ ജോർജ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി കലാജാഥ ഉണ്ടാകും. സമ്മേളനത്തിൽ ജാഥ മാനേജർ വി.കെ. ഗോപൻ, കെ.എം. ബാബു, ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ് ആർ. തിലകൻ, സെക്രട്ടറി ഇ.ജി. സത്യൻ, ടി.ആർ. സോമൻ എന്നിവർ പ്രസംഗിക്കുമെന്ന് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ അറിയിച്ചു.