തൊടുപുഴ: കുമാരമംഗലം വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രത്തിന്റെ ഭൂമി കൈവശംവച്ചിരിക്കുന്ന സ്വകാര്യ വ്യക്തികൾ ഇത് വിട്ടുനൽകണമെന്ന് ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏക്കർ കണക്കിന് സ്ഥലം സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്നതിനാൽ നാമമാത്രമായ ഭൂമിയാണ് ക്ഷേത്രത്തിന് നിലവിലുള്ളത്. മുടിയേറ്റ്,​ തൂക്കം,​ കാളകളി,​ പൊങ്കാല​ തുടങ്ങിയ അനുഷ്ഠാനകലകളും നവാഹ യജ്ഞങ്ങളും ക്ഷേത്ര ചടങ്ങുകളും നടക്കുന്ന മൈതാനമടക്കമാണ് സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെയാണ് സ്വകാര്യ വ്യക്തികൾ സ്ഥലം കൈവശം വെച്ചിരിക്കുന്നത്. ഈ സ്ഥലം ക്ഷേത്ര ആവശ്യങ്ങൾക്കായി വിട്ടുകിട്ടുന്നതിന് വേണ്ടി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കക്ഷിയായി ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. ഹൈക്കോടതിയിൽ നിന്ന് ഒരു വിധി വരുന്നതുവരെ തടി വെട്ടി മാറ്റുന്നതിനോ റബർ വെട്ടി പാൽ എടുക്കുന്നതിനോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ യാതൊരുവിധ അനുവാദവും കൈവശം വെച്ചിരിക്കുന്ന വ്യക്തികൾക്കില്ലെന്ന് തൊടുപുഴ ഡിവൈ.എസ്.പിയുടെ ചേമ്പറിൽ നടന്ന ചർച്ചയിൽ തീരുമാനമായിട്ടുള്ളതാണ്. ഇതിൽ നിലവിലെ ക്ഷേത്ര ഉപദേശക സമിതിക്ക് യാതൊരുവിധ സ്വാർത്ഥ താല്പര്യങ്ങളും ഇല്ല. ക്ഷേത്രത്തിൽ വരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ആവശ്യങ്ങൾക്കായിട്ടാണ് ഭൂമി തിരികെ വേണമെന്ന് പറയുന്നത്. അതിനാൽ സ്വകാര്യ വ്യക്തികൾ യാതൊരുവിധ പ്രശ്‌നവും ഉണ്ടാക്കാതെ ക്ഷേത്രഭൂമി ക്ഷേത്രത്തിന് വിട്ടു നൽകുന്നതിന് സഹകരിക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രതീഷ് കുമാർ. ആർ, സെക്രട്ടറി കെ. ബാലചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ബാബു കെ.സി, റെജി കുടകശ്ശേരിയിൽ, രവീന്ദ്രൻ കൊയിക്കമറ്റത്തിൽ എന്നിവർ പങ്കെടുത്തു.