
തൊടുപുഴ: ഒരുമിച്ചു താമസിച്ചിരുന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ കോടന്നൂർ പടിഞ്ഞാറപ്പുരക്കൽ വിഷ്ണുവാണ് (24) കാഞ്ഞാറിൽ നിന്ന് അറസ്റ്റിലായത്. പൊന്നുന്താനം മാടത്തിപ്പറമ്പിൽ ദീപയെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് വിഷ്ണുവിനെ കരിങ്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് രാത്രി യുവതിയുടെ ഇല്ലിചാരിയിലുള്ള ബന്ധുവീട്ടിലായിരുന്നു സംഭവം. സംഭവത്തിൽ കരിങ്കുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. യുവതിയും പ്രതിയും കഴിഞ്ഞ ആറു മാസമായി ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കരിങ്കുന്നം എസ്.ഐ ബൈജു പി. ബാബു, എസ്.സി.പി.ഒമാരായ മധു, ഹരീഷ് ബാബു, ഷാറൂൺ ഇബ്രാഹിം, ജോയി തോമസ്, ബിജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ വിഷ്ണു തൃശൂർ, ഇടുക്കി ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ എട്ടോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.